തിരുവനന്തപുരം : മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനമറിയിച്ചു. മന്ത്രി എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും ശ്രദ്ധേയമായ സാന്നിധ്യം പ്രകടമാക്കിയ പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ ചർച്ചകൾക്ക് സാമൂഹികമായ മാനത്തിനൊപ്പം സാഹിത്യപരമായ മാനം കൂടി ഉൾച്ചേർക്കുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ശ്രദ്ധിച്ചു. തന്റെ നാടിന്റെയും താൻ പ്രതിനിധാനം ചെയ്ത ജനവിഭാഗത്തിന്റെയും താൽപര്യങ്ങൾക്ക് വേണ്ടി സഭയിൽ അദ്ദേഹം നിരന്തരം ശബ്ദം ഉയർത്തി. താൻ ഉൾക്കൊള്ളുന്ന സമുദായത്തിന്റെ താൽപര്യ സംരക്ഷണം സാധ്യമാകുന്നത് പൊതുതാൽപര്യ സംരക്ഷണത്തിലൂടെയാണ് എന്ന് വിശ്വസിച്ച മതനിരപേക്ഷ സ്വഭാവമുള്ള നേതാവായിരുന്നു അദ്ദേഹം. കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സംശുദ്ധ രാഷ്ട്രീയത്തിന്റ വക്താവായ ആദർശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ താഴേത്തട്ടിൽനിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി പടിപടിയായി ഉയർന്നുവന്ന നേതാവ്. പ്രാദേശിക തലത്തിൽ വ്യക്തിപരവും രാഷ്ട്രീയവുമായ ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നത് കൊണ്ട് പ്രവർത്തകരുടെ വികാരങ്ങൾ അതേ അർഥത്തിൽ മനസിലാക്കിയ നേതാവ് കൂടിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി. വ്യക്തിപരമായി തനിക്ക് അടുത്ത സുഹൃത്തിനെ കൂടിയാണ് നഷ്ടമായതെന്നും വി.ഡി സതീശൻ പറഞ്ഞു.