കുറ്റ്യാടി : കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധവുമായി ഇടതുപക്ഷ അനുഭാവികള്‍. നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയാണ് പ്രകടനം. ചെങ്കൊടിയുടെ മാനംകാക്കാനെന്ന ബാനറുമായാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധിക്കുന്നത്.
ഇന്ന് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെയാണ് വീണ്ടും പ്രതിഷേധമുണ്ടായത്. കുറ്റ്യാടി ജോസ് വിഭാഗത്തിന് കൊടുത്ത തീരുമാനത്തില്‍ സിപിഎം ഒരു മാറ്റവും വരുത്തിയില്ല. ഈ സാഹചര്യത്തിലാണ് സ്ത്രീകളടക്കം നിരവധി പേര്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തേക്കാള്‍ വലിയ പ്രതിഷേധമാണ് ഇന്നുണ്ടായത്. കുറ്റ്യാടിയുടെ പല ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരക്കുകയായിരുന്നു. പാര്‍ട്ടി കൊടിയുമേന്തിയാണ് പ്രതിഷേധം.
സിപിഎം കേന്ദ്ര കമ്മിറ്റിക്ക് കുറ്റ്യാടിയില്‍ നിന്ന് കത്ത് അയക്കുകയും ചെയ്തു. സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് കത്ത് നല്‍കിയത്. കുറ്റ്യാടി സീറ്റില്‍ സിപിഎം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. സിപിഎം സ്ഥാനാര്‍ഥി തന്നെ കുറ്റ്യാടിയില്‍ വേണമെന്നും മണ്ഡലത്തില്‍ ജോസ് വിഭാഗത്തിന് സ്വാധീനമില്ലെന്നുമാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.