കുവൈത്ത് സിറ്റി : മാർച്ച് എട്ടുമുതൽ കുവൈത്തിലേക്ക് വരുന്ന പത്ത് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു . പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അധ്യക്ഷതയിൽ വ്യാഴാഴ് ച വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം .
അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെൽത്ത് സെന്ററുകളിൽനിന്നാണ് കൊറോണ വൈറസ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കണമെന്നായിരുന്നു നേരത്തെ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിരുന്നത്. അവധിക്ക് നാട്ടിലെത്തിയ പ്രവാസികളെ വലക്കുന്ന തീരുമാനമായിരുന്നു ഇത്. കൊറോണ വൈറസ് പരിശോധനക്ക് മിക്ക രാജ്യങ്ങളിലും വിപുലമായ സൌകര്യങ്ങള്‍ ഇല്ല. ഇന്ത്യയില്‍ പ്രധാനമായും പരിശോധന നടത്തുന്നത് പൂനെ വൈറോളജി ലബിലാണ്. ഫലം കിട്ടണമെങ്കില്‍ ദിവസങ്ങള്‍ കഴിയും. ഇന്ത്യയിലെ കുവൈറ്റ് എംബസ്സിക്കും ഇത്തരം സൌകര്യങ്ങള്‍ ഇല്ലെന്നിരിക്കെ കുവൈറ്റിന്റെ ഈ തീരുമാനം വേണ്ടത്ര ആലോചന ഇല്ലാതെയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. രോഗം ഉള്ളവരുടേയും രോഗം സംശയിക്കുന്നവരുടെയും പരിശോധനാ ഫലങ്ങള്‍ പോലും ലഭിക്കുവാന്‍ താമസം നേരിടുമ്പോഴാണ് ഈ തലതിരിഞ്ഞ തീരുമാനം നടപ്പിലാക്കുവാന്‍ കുവൈറ്റ് ശ്രമിച്ചത്.
ഫിലിപ്പൈന്‍സ് കുവൈറ്റിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കി കുവൈറ്റിന്റെ തീരുമാനത്തിനു മുമ്പില്‍ അടിയറവു പറയില്ലെന്നും തീരുമാനം അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ തങ്ങളും ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ഇന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്തായിരുന്നാലും ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന് വലിയൊരു ആശ്വാസമാണ് കുവൈറ്റ് മന്ത്രിസഭയുടെ ഇന്നത്തെ തീരുമാനം.