കുവൈത്ത് സിറ്റി : കുവൈത്തിലുണ്ടായ തീപ്പിടുത്തത്തില്‍ നാല് വാഹനങ്ങള്‍ കത്തി നശിച്ചു. അഹ്‍മദി ഏരിയയിലെ കുവൈത്ത് ഫ്ലോര്‍ മില്‍ കമ്പനിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ അഹ്‍മദി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു ജീപ്പ്, രണ്ട് ബസുകള്‍, ഒരു ഹാഫ് ലോറി എന്നിവയാണ് തീപ്പിടുത്തത്തില്‍ കത്തി നശിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരവധി വാഹനങ്ങളാണ് കമ്പനിയുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്നത്. അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിലൂടെ എണ്‍പതോളം വാഹനങ്ങള്‍ തീ പിടിക്കാതെ സംരക്ഷിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു.