കൊച്ചി : പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന നിലപാടിലുറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. സി.പി.എം വേദി പങ്കിടുന്ന ആദ്യത്തെ കോണ്‍ഗ്രസ് നേതാവല്ല താന്‍. കണ്ണൂരിലേക്ക് എപ്പോള്‍ പോകണമെന്ന് തീരുമാനിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് നേതാക്കള്‍ വിളിച്ചെന്നും തോമസ് പറഞ്ഞു. അതേസമയം പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച തോമസിനെതിരെ എന്തു നടപടി എടുക്കണമെന്ന കാര്യത്തില്‍ കെ.പി.സി.സി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. സസ്പെന്‍ഷനടക്കമുള്ള നടപടികള്‍ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ കെ.വി തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്.
മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുമായി ആലോചിച്ച് യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളുടയും കടുത്ത വിമര്‍ശനങ്ങളുടെയും അകമ്പടിയോടെയാണ് കെ.വി തോമസ് ഇന്നലെ നിലപാട് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആവര്‍ത്തിക്കുമ്പോഴും ഹൈക്കമാന്‍ഡിനെയടക്കം തോമസ് വെറുതെവിട്ടില്ല. ഒന്നര വര്‍ഷമായി പദവിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.