പത്തനംതിട്ട : വ്യാപാര മേഖലയില്‍ പുതിയ സംഘടന ഉദയം ചെയ്തു. ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന് രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ പ്രവര്‍ത്തനം ദേശീയ തലത്തിലാണ്. ബി.ജെ.പി ബന്ധം പ്രകടമായി തോന്നുമെങ്കിലും അവര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരികളുടെ ഇടയില്‍ ഇതൊരു ബി.ജെ.പി വ്യാപാര സംഘടനയായി മാറിക്കഴിഞ്ഞു. പല പ്രമുഖ വ്യാപാരികളെയും പുതിയ സംഘടനയുടെ നേതാക്കള്‍ ബന്ധപ്പെട്ടുകഴിഞ്ഞു. ജി.എസ്.ടി യുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുനല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നതായി ചില വ്യാപാരികള്‍ പറയുന്നു. ഫെബ്രുവരി 16 ന് ഏറണാകുളത്തു ചേരുന്ന യോഗത്തില്‍ കേരള ഘടകം രൂപീകരിക്കും.
കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സംഘടനയായ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അണികളെയും നേതാക്കളെയുമാണ് ഇവര്‍ ഉന്നമിടുന്നത്. ഫെബ്രുവരി 16 ന് ഏറണാകുളത്തു ചേരുന്ന യോഗത്തിലേക്ക് പ്രധാന നേതാക്കളെ ക്ഷണിച്ചിട്ടുമുണ്ട്. സംസ്ഥാന ഘടകത്തിന്റെ രൂപീകരണമാണ് അന്ന് നടക്കുക. ഏകോപന സമിതിയില്‍ നിന്നും ഇടഞ്ഞുനില്‍ക്കുന്നവര്‍ക്ക് വാഗ്ദാനങ്ങള്‍ പലതുമുണ്ട്. പോയില്ലെങ്കില്‍ ജി.എസ്.ടി യിലൂടെ പണി കിട്ടുമെന്ന് പലരും ഭയക്കുന്നു. അതുകൊണ്ടുതന്നെ ആരും അറിയാതെ ആരെയും പിണക്കാതെ മുന്നോട്ടു നീങ്ങുവാനാണ് മിക്കവരുടെയും തീരുമാനം. ഏകോപന സമിതിയിലെ പല പ്രമുഖരേയും ഇവര്‍ ബന്ധപ്പെട്ടു കഴിഞ്ഞു. ഇതില്‍ വന്‍കിട വ്യാപാരികളാണ് ഏറെയും. പത്തനംതിട്ടയിലെ ചിലരും കൂറുമാറുവാന്‍ തയ്യാറായിക്കഴിഞ്ഞു. രണ്ടു വള്ളത്തിലോ മൂന്നു വള്ളത്തിലോ കാലുവെച്ചാലും വേണ്ടില്ല, ഇതൊന്നും ആരും അറിയേണ്ടെന്നു മാത്രമേ കച്ചവടക്കാര്‍ക്ക് ഉള്ളു.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശക്തി കണ്ടുകൊണ്ടാണ് കേരളത്തില്‍ സി.പി.എമ്മിന്റെ വ്യാപാര സംഘടന ആരംഭിച്ചത്. കേരളാ വ്യാപാരി വ്യവസായി സമിതി എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനക്ക് ഭരണമുള്ളപ്പോഴും ഏകോപന സമിതിയെ ഒതുക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ കോണ്‍ഗ്രസും വ്യാപാര സംഘടന രൂപീകരിച്ചു. പുട്ടിനിടയില്‍ തേങ്ങാപ്പീര പോലുമാകാതെ അതും കുറച്ചു നേതാക്കളുമായി കേരളത്തില്‍ ഉണ്ട്. ഇതിനിടയിലാണ് കാവിയുടെ നിറത്തില്‍ പുതിയ സംഘടന ഉദയം ചെയ്യുന്നത്. എല്ലാവരുടെയും ലക്‌ഷ്യം ഒന്നുതന്നെയാണ്. ലക്ഷങ്ങളും കോടികളും കൈകാര്യം ചെയ്യുന്ന വ്യാപാരികളെയും വ്യവസായികളെയും തങ്ങളുടെ ഇംഗിതത്തിനു കൊണ്ടുവരുക. എപ്പോള്‍ ആരു കൈനീട്ടിയാലും പണം നല്‍കുന്ന വര്‍ഗ്ഗം വ്യാപാരികളാണ്. ചുരുക്കം പറഞ്ഞാന്‍ രാഷ്ട്രീയക്കാരുടെ കമധേനുവാന് വ്യാപാരി. നൂറു ശതമാനം നിയമം പാലിച്ചുകൊണ്ട് ആര്‍ക്കും വ്യാപാരം ചെയ്യുവാന്‍ കഴിയില്ലെന്ന് അറിയാവുന്നവര്‍ സംഘടനയിലൂടെ വ്യാപാരികളെ തങ്ങളുടെകീഴില്‍ നിര്‍ത്തുന്നു. ഒരു പരിധിവരെ ചൂഷണവും നടക്കുന്നു. ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ല. ഏകാധിപത്യം എവിടെയും കാണാം. പാദസേവയും വിധേയത്വവും ഉണ്ടെങ്കില്‍ നേട്ടങ്ങളും സ്വന്തമാക്കാം.