പന്തളം : അനിശ്ചിതകാലമായി അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് വേണ്ടി കോഴിക്കോട് സമരം ചെയ്ത വ്യാപാരികളെയും യൂത്ത് വിംഗ് സംസ്ഥാന ഭാരവാഹികളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പന്തളത്ത് വ്യാപാരികള്‍ പ്രതിഷേധിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി. പ്രതിഷേധ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ നൗഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. കള്ളുഷാപ്പും വിദേശ മദ്യക്കടയും തുറക്കാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. ചെറുകിട വ്യാപാരികളെ പൂട്ടിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്ന ഉദ്യോഗസ്ഥരുടെ തെറ്റായ നടപടി തിരുത്തുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് നൗഷാദ് റാവുത്തർ ആവശ്യപ്പെട്ടു. ക്ഷമയുടെ നെല്ലിപ്പലകയിലാണ് വ്യാപാരികള്‍ നില്‍ക്കുന്നതെന്നും സ്വന്തം കുടുംബത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ രൂക്ഷമായ സമരത്തിലേക്ക് ഇറങ്ങുവാന്‍ വ്യാപാരികള്‍ക്ക് മടിയില്ലെന്നും നൗഷാദ് റാവുത്തർ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡണ്ടും പത്തനംതിട്ട ജില്ലാ പ്രസിഡണ്ടുമായ വി.എസ് ഷജീർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടും പന്തളം യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ ആർ അജയകുമാർ, യൂത്ത് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നസീർ ഖാൻ, പന്തളം യൂത്ത് യൂണിറ്റ് പ്രസിഡന്റ് ദിലീപ് കൊല്ലം മണ്ണിൽ, അന്‍ഷീര്‍, അഭിലാഷ്, ഫാത്തിമ, സരിത, സജാദ്, വൈ എം ഘോഷ് , ജിഷ്ണു എന്നിവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.