കൊച്ചി : സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചു. ടി.പി.ആര്‍. അനുസരിച്ചുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ഇത് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടാകണമെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ലോക്ക് ഡൌണിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് വ്യാപാരികള്‍. ആത്മഹത്യകളും പെരുകുകയാണ്. നിരവധി സ്ഥാപനങ്ങള്‍ പൂട്ടിക്കഴിഞ്ഞു. തൊഴിലില്ലായ്മയും രൂക്ഷമാകുകയാണ്.
അതേസമയം സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ആഗസ്റ്റ് ഒന്‍പത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കടകള്‍ തുറക്കുമ്പോള്‍ പോലീസ് നടപടി ഉണ്ടായാല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞത്.
മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് സമരവുമായി മുന്നോട്ട് പോകാതിരുന്നത്. എന്നാല്‍ പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടി.പി.ആറില്‍ കുറവുണ്ടായിട്ടില്ല. നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇനിയും കടകള്‍ അടച്ചിട്ടാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.