പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിക്ഷേധിച്ച് ജൂലൈ 6 ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലെ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍, ജനറല്‍ സെക്രട്ടറി കെ.ഇ മാത്യൂ, ട്രഷറര്‍ കൂടല്‍ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ വരെ തുറക്കുവാന്‍ അനുവാദം നല്‍കിയിട്ടും വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന്. ഏറ്റവും കൂടുതല്‍ ജനത്തിരക്ക് അനുഭവപ്പെടുന്നത് മദ്യവില്‍പ്പന കേന്ദ്രങ്ങളിലാണ്. ഇവിടെനിന്നുമാണ് കോവിഡ് വ്യാപനം ഉണ്ടാകുവാന്‍ സാധ്യതയുള്ളത്. ഉദ്യോഗസ്ഥ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ചില ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. പൊതുഗതാഗതം പോലും അനുവദിക്കപ്പെട്ടിട്ടും കടകള്‍ തുറക്കാന്‍ അനുവദിക്കരുതെന്നാണ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്നത്. ചെറുകിട വ്യാപാരികളെ അടച്ചുപൂട്ടിച്ച് ബഹുരാഷ്ട്ര കുത്തക കമ്പിനികള്‍ക്ക് കേരളത്തിലെ വ്യാപാരരംഗം കയ്യടക്കുവാന്‍ അവസരമുണ്ടാക്കി കൊടുക്കുകയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഏകോപന സമിതി സംസ്ഥാന കമ്മറ്റിയാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് കടയടപ്പ് സമരം ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ട ജില്ലയിലും കടകമ്പോളങ്ങള്‍ അടച്ചിട്ട് സമരത്തില്‍ പങ്കു ചേരുന്നതെന്ന് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.