പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റ്റി. നസിറുദ്ദീന്‍ ഗ്രൂപ്പും ഹസ്സന്‍കോയ ഗ്രൂപ്പും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ഇതോടൊപ്പം പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യാപാര സംഘടനകളും ഏകോപന സമിതിയിലേക്ക് ലയിക്കും എന്നാണ് അറിയുന്നത്. അടുത്തുതന്നെ കൂടുന്ന സംസ്ഥാന കമ്മിറ്റി നസിറുദ്ദീന്റെ തീരുമാനത്തിന് പച്ചക്കൊടി കാണിക്കും. സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഏകോപന സമിതിയുടെ പുതിയ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്.
ആശയപരമായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ഹസ്സന്‍ കോയ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുഖ്യ സംഘടനയില്‍ നിന്നും മാറി സംസ്ഥാന തലത്തില്‍ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടു സംഘടനയും ഒരേ പേരും കൊടിയും ചിഹ്നവുമായിരുന്നു ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് തര്‍ക്കങ്ങളും കേസുകളും നടക്കുകയാണ്. ഒരേ പേരില്‍ രണ്ടുസംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് വ്യാപാരികളുടെ ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഈ പ്രശ്നത്തിനൊക്കെ ഇനിയും വിരാമമാകും. ഇരുവരും ഒന്നിക്കുന്നതോടെ സംഘടന കൂടുതല്‍ ശക്തമാകും. നിലവില്‍ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് ശക്തമായ എതിരാളികള്‍ ഇല്ല. ഇടതുപക്ഷത്തിന്റെ വ്യാപാരി വ്യവസായി സമിതി ഉണ്ടെങ്കിലും കക്ഷി രാഷ്ട്രീയം ഇല്ലാത്ത ഏകോപന സമിതിയിലാണ് ബഹുഭൂരിപക്ഷം വ്യാപാരികളും. കോടികളുടെ ആസ്തികളും ഏകോപന സമിതിക്കുണ്ട്.
ഗ്രൂപ്പുകള്‍ ഒന്നിക്കുന്നത് സംബന്ധിച്ച് പലപ്പോഴും നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. അടുത്തകാലത്ത് പരസ്പര വൈരം കൂടുകയും ചെയ്തിരുന്നു. റ്റി.നസിറുദ്ദീന്റെ വിശ്വസ്തനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ജോബി വി. ചുങ്കത്ത് ഹസ്സന്‍കോയ ഗ്രൂപ്പിലേക്ക് പോയതും അവിടെ ജനറല്‍ സെക്രട്ടറിയായതുമായിരുന്നു കാരണം. എന്നാല്‍ ജോബി വി. ചുങ്കത്തും റ്റി.നസിറുദ്ദീന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി രാജു അപ്സരയുമായും ഇന്ന് ചര്‍ച്ചകള്‍ നടത്തി. റ്റി.നസിറുദ്ദീന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ലയനം സംബന്ധിച്ച് ഉപാധികള്‍ ഒന്നും ഉള്ളതായി അറിവില്ല. ഒന്നിച്ചുപോവുകയും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരം പങ്കിടുകയും ചെയ്യുക എന്നതായിരിക്കും സ്വീകരിക്കുകയെന്ന് ഒരു സംസ്ഥാന നേതാവ് സൂചിപ്പിച്ചു. മുന്‍വിധിയോടെയുള്ള ഒരു നീക്കവും ഇല്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പത്തനംതിട്ട മീഡിയായോട് പറഞ്ഞു.
@prakash inchathanam