ഡല്‍ഹി : എല്‍എന്‍ജെപി ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ അവഗണന നേരിടുന്നു. ഡ്യൂട്ടിക്കെത്തിയവര്‍ക്ക് ആഹാരം നല്‍കിയില്ലെന്ന പരാതി നഴ്സുമാര്‍ ഉന്നയിച്ചു. ഭക്ഷണം കിട്ടാതെ ഒരു നഴ്സ് തലകറങ്ങി വീണതോടെ നഴ്സുമാര്‍ ആശുപത്രിക്കുള്ളില്‍ പ്രതിഷേധം നടത്തി. ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ജീവനക്കാര്‍ മൂന്നു ഷിഫ്റ്റുകളിലായാണ് ഡ്യൂട്ടി . രാവിലെ ഡ്യൂട്ടിക്ക് എത്തുന്നവര്‍ക്ക് ആശുപത്രിയിലും ഉച്ചക്കും വൈകുന്നേരം എത്തുന്നവര്‍ക്ക് താമസ സ്ഥലത്തുമാണ് ഭക്ഷണം നല്‍കുന്നത്.
പതിവിന് വിരുദ്ധമായി ഇന്ന് ആശുപത്രിയില്‍ മാത്രമേ ഭക്ഷണം ഉണ്ടാവുകയുള്ളൂവെന്നാണ് നഴ്സുമാര്‍ക്ക് കിട്ടിയ അറിയിപ്പ്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല. ഒരു നഴ്സ് തല കറങ്ങി വീണതോടെ ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തി. നേരത്തെ എല്‍എന്‍ജെപിയില്‍ നഴ്സുമാര്‍ക്ക് പഴകിയ ഭക്ഷണം വിതരണം ചെയ്തെന്ന് പരാതി ഉയര്‍ന്നിരുന്നു. താമസത്തിലടക്കം നഴ്സുമാരോട് അധികൃതര്‍ വിവേചനം കാട്ടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഡോക്ടര്‍മാക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസം നല്‍കിയപ്പോള്‍ നഴ്സുമാര്‍ക്ക് ഹാളുകളും ലോഡ്ജുകളിലും താമസമൊരുക്കിയെന്നാണ് ആക്ഷേപം.