കൊച്ചി: പെരുമ്പാവൂരിലെ സ്വകാര്യസ്ഥാപനത്തിലെ തൊഴിൽ ചൂഷണ ആരോപണത്തിൽ മുൻ മാനേജർ മനാഫിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാർ. തൊഴിൽ ചൂഷണമില്ലെന്നും മനാഫ് പറഞ്ഞിട്ടാണ് മുട്ടിലിഴിഞ്ഞതെന്നും ജീവനക്കാരനായ ജെറിൻ പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയിൽ മനാഫിനെതിരെ കേസ് എടുത്തിട്ടുണ്ട്. കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചു എന്നാണ് പരാതി. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. അതേസമയം തൊഴിൽ പീഡനമില്ലെന്ന് ജെറിനെ കൊണ്ട് സ്ഥാപന ഉടമ ഉബൈൽ പറയിപ്പിച്ചതാണെന്ന് മനാഫ് പറഞ്ഞു. കഴുത്തിൽ ചങ്ങലയിട്ട് നായയെപ്പോലെ കെട്ടി വലിക്കുക, നാണയം നക്കിയെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കെൽക്കോ ഉടമ ഉബൈൽ ഇല്ലാത്ത സമയത്ത് അന്നത്തെ മാനേജർ മനാഫ് ചെയ്യിപ്പിച്ചതാണെന്നാണ് ജീവനക്കാരനായ ജെറിൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോടും പോലീസിനോട് പറഞ്ഞത്.
സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതിന് പ്രതികാരമായി നേരത്തെ ചിത്രീകരിച്ച ദൃശ്യങ്ങൾ മനാഫ് പുറത്തുവിടുകയായിരുന്നുവെന്നും ജെറിൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ഥാപനത്തിൽ തൊഴിൽ ചൂഷണം സ്ഥിരമാണെന്ന് ആവർത്തിക്കുകയാണ് മുൻ മാനേജർ കൂടിയായ മനാഫ്. സത്യം പുറത്ത് പറഞ്ഞതിന്റെ പേരിൽ തന്നെ ലഹരി ഇടപാടുകാരനാക്കി ചിത്രീകരിച്ചതായും മനാഫ് പറഞ്ഞു. തൊഴിൽ ചൂഷണത്തിന് തെളിവുകൾ ലഭിച്ചിട്ടില്ല എന്നാണ് പോലീസും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. പരാതിയിൽ തെളിവ് നോക്കി മാത്രമേ നടപടിയെടുക്കൂവെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.