കൊച്ചി: മിലിട്ടറി ഓഫീസര്‍ക്കെതിരെ പരാതിയുമായി യുവതി. ദക്ഷിണ നാവിക കമാന്‍ഡിന് കീഴിലുള്ള മിലിട്ടറി ഓഫീസിലെ ലൈംഗിക പീഡനത്തില്‍ കേസെടുത്ത് പോലീസ്. കൊച്ചിയിലെ ഓഫീസ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശാര്‍ദേഷ് ചന്ദ്രയ്‌ക്കെ തിരെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് ഹാര്‍ബര്‍ പോലീസ് കേസെടുത്തത്. ശാരീരികമായി പീഡിപ്പിച്ചുവെന്നും കീഴ്‌ജീവനക്കാരുടെ മുന്നില്‍ വെച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് പരാതിക്കാരി വ്യക്തമാക്കിയത്.
ജൂണ്‍ 29 മുതല്‍ ജൂലൈ 24 വരെ മിലിട്ടറി എഞ്ചിനീയറിംഗ് ഓഫീസിലും കട്ടാരി ബാഗിലും വച്ച് ശാര്‍ദേഷ് ചന്ദ്ര ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. നിലവില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസിലെ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ വിഷയത്തിലെ പരാതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ശാര്‍ദേഷ് ചന്ദ്ര മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ അപേക്ഷിച്ചിട്ടുണ്ടെന്നും വിവരം.
ഔദ്യോഗികമായി നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതിരുന്നപ്പോള്‍ പോലീസിനെ സമീപിക്കുകയായിരുന്നുയെന്ന് പരാതിക്കാരി വ്യക്തമാക്കി. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ വിജയകുമാര്‍ ആണ് കേസ് ഏറ്റെടുത്തിരിക്കുന്നത്.