തിരുവനന്തപുരം : പിതാവിനെയും സഹോദരനെയും കുത്തി കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ കൊടും ക്രൂരതകളെപ്പറ്റി വെളിപ്പെടുത്തലുകളുമായി ഭാര്യ. സ്ത്രീധനത്തെ തുടര്‍ന്നുണ്ടായ വഴക്കില്‍ അപര്ണയ്ക്ക് നഷ്ടമായത് അച്ഛനെയും സഹോദരനെയുമാണ്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് അരുണില്‍ നിന്നും നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനങ്ങളാണെന്ന് അപര്‍ണ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യാപിതാവായ സുനിലിനേയും ഭാര്യാസഹോദരന്‍ അഖിലിനേയും അരുണ്‍ കുത്തിക്കൊലപ്പെടുത്തിയത്.
വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് അരുണ്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് അപര്‍ണ പറയുന്നു. നാല് വര്‍ഷത്തോളം സഹിച്ച ശേഷമായിരുന്നു അപര്‍ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ആവശ്യപ്പെട്ട് അപര്‍ണയെ തിരികെ കൊണ്ടുപോകാന്‍ അരുണ്‍ എത്തിയപ്പോഴാണ് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായത്. അപര്‍ണയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് അച്ഛനും സഹോദരനും അരുണിനോട് തര്‍ക്കിക്കുകയും, ഇതേ തുടര്‍ന്നുണ്ടായ വഴക്ക് ഇരട്ടക്കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
തന്നെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന്റെ അമ്മയും കൂട്ടുനിന്നതായി യുവതി വെളിപ്പെടുത്തുന്നു. ജനനേന്ദ്രിയത്തില്‍ മുളകുപൊടി തേയ്ക്കുകയും. കൈയില്‍ സിഗരറ്റ് വെച്ച് പൊള്ളിക്കുകയും ചെയ്തു. ബാറ്റുകൊണ്ട് അടിയേറ്റ് കര്‍ണ്ണപടം പൊട്ടി. സിസേറിയന്റെ് സ്റ്റിച്ച് ഉള്ളിടത്ത് ചവിട്ടിയും അരുണ്‍ ക്രൂരത കാട്ടി. അടിവയറ്റില്‍ ഒക്കെ ഇടിയും ചവിട്ടും തന്നിട്ടുണ്ട്. തല ഒരു തവണ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. നടുവിന് ചവിട്ടുകയും ചെയ്തു. പുതപ്പ് വായില്‍ കുത്തിക്കയറ്റിയിട്ട് ഇടിക്കും. കൊല്ലുമെന്ന് തോന്നിയപ്പോഴാണ് മടങ്ങിയത്. എന്നാല്‍ അത് തന്റെ പിതാവിന്റെയും സഹോദരന്റെയും ജീവനെടുക്കാനായിരുന്നുവെന്ന് അറിഞ്ഞില്ലെന്നും അപര്‍ണ പറയുന്നു.