പട്ടാമ്പി : ന്യൂമോണിയ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗി മരണാസന്നയായപ്പോള്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത് ഹിന്ദുവായ ഡോക്ടര്‍. പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. രേഖ ഉണ്ണികൃഷ്ണനാണ് മരണസമയത്ത് ബന്ധുക്കളാരും സമീപമില്ലാതിരുന്ന രോഗിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കൊവിഡും തുടര്‍ന്ന് ന്യൂമോണിയയും ബാധിച്ച പട്ടിത്തറ കക്കാട്ടിരി സ്വദേശിനി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശുപത്രിയിലെ കൊവിഡ് ഐസിയുവില്‍ ചികിസയിലായിരുന്ന രോഗിയുടെ സമീപത്തേക്ക് ബന്ധുക്കള്‍ക്ക് ആര്‍ക്കും പ്രവേശമില്ലായിരുന്നു. മരണാസന്നയായ രോഗിക്കു വേണ്ടി സ്വന്തം നിലക്ക് പ്രാര്‍ഥിച്ച ഡോക്ടര്‍ അവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കുകയായിരുന്നു.
മുമ്പ് മരണാസന്നരായ പല രോഗികള്‍ക്കും ബന്ധുക്കള്‍ കലിമ ചൊല്ലിക്കൊടുക്കുന്നത് ഡോക്ടര്‍ കേട്ടിരുന്നു. അതുവഴിയാണ് സത്യ സാക്ഷ്യത്തിന്റെ വാചകങ്ങള്‍ മനസ്സിലാക്കിയത്. മരണസമയത്ത് അടുത്ത് ചെന്ന് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത് രോഗി ഏറ്റുചൊല്ലി മരണത്തിലേക്കു പോകുകയായിരുന്നു.