അഹമ്മദാബാദ് : കാമുകനുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവ് ഒന്‍പതു വയസ്സുള്ള മകനെ പാലില്‍ വിഷം ചേര്‍ത്തുകൊലപ്പെടുത്തി. അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ കുട്ടിയുടെ മാതാവ് 26 കാരിയായ ജ്യോതി പാര്‍മ്മറെയും ഇവരുടെ ബന്ധുവും കാമുകനുമായ പാലന്‍പൂര്‍ സ്വദേശി ഭൂപേന്ദ്ര പാര്‍മറെയും പോലീസ് അറസ്റ്റ് ചെയ്തു.
പാലന്‍പൂര്‍ ആശുപത്രിയിലെ ക്ലീനറാണ് ഭൂപേന്ദ്ര പാര്‍മര്‍. ആശുപത്രിക്ക് സമീപത്തെ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കുഞ്ഞിന് പാലില്‍ വിഷം ചേര്‍ത്തുകൊടുത്തത്. കുട്ടി വിഷം ഉള്ളില്‍ ചെന്നാണ് മരണമടഞ്ഞതെന്ന് ആശുപത്രി കണ്ടെത്തിയതോടെയാണ് സത്യം പുറത്തുവന്നത്. നരോദ സ്വദേശിനിയായ ജ്യോതിയും ഭൂപേന്ദ്രയും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇതിന് മകന്‍ തടസ്സമാണ് എന്ന് വന്നതോടെയാണ് രണ്ടുപേരും ചേര്‍ന്ന് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്.
തുടര്‍ച്ച് ഓഗസ്റ്റ് 6 ന് ജ്യോതി മകന് രാത്രിമുഴുവന്‍ പനിയായിരുന്നു എന്ന് പറഞ്ഞ് ആശുപത്രിയില്‍ കൊണ്ടുപോയി. അതിന് ശേഷം മകനെ മാതാവ് ഗസ്റ്റ് ഹൗസില്‍ എത്തിച്ചു. ഇവിടെ ഭൂപേന്ദ്ര നേരത്തേ പറഞ്ഞത് പ്രകാരം പാലും ഒരു പായ്ക്കറ്റ് ഗ്ളൂക്കോസ് ബിസ്‌ക്കറ്റും വിഷക്കുപ്പിയുമായി കാത്തു നിന്നിരുന്നു. പിന്നീട് ഗ്ളാസ്സില്‍ വിഷം കലര്‍ത്തിയ പാല്‍ ഒഴിച്ചു നല്‍കി. വിഷം കലര്‍ന്ന പാല്‍ കുടിച്ചതിന് പിന്നാലെ കുട്ടി അബോധാവസ്ഥയിലാകുകയും പിന്നീട് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ഒടുവില്‍ ഓഗസ്റ്റ് 8 ന് മരണമടയുകയും ചെയ്തു.
ഡോക്ടര്‍ പിന്നീട് കുട്ടിയുടെ പിതാവ് അജയ് യോട് കുട്ടിക്ക് വിഷബാധയേറ്റതായി ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും വീട്ടുകാര്‍ കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. എന്നാല്‍ ഓഗസ്റ്റ് 9 ന് ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടി. വിഷബാധയാണ് മരണകാരണമെന്ന് ബന്ധുവായ മുകേഷ് അറിയുകയും മുകേഷ് ജ്യോതിയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ എല്ലാം തുറന്നു പറയുകയുമായിരുന്നു. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ ഉള്ളില്‍ വിഷം ചെന്നതായി കണ്ടെത്തുകയും ചെയ്തു.