ലാഹോര്‍ : പാക്കിസ്ഥാനിലെ ലാഹോറില്‍ ജനവാസ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. രണ്ടു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരും പരിക്കേറ്റവരുമെന്നാണ് റിപ്പോര്‍ട്ട്. ലാഹോറിലെ ജോഹര്‍ ടൗണില്‍ ഒരു ആശുപത്രിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സ്ഫോടനത്തിന്റെ ശബ്ദം വിദൂര പ്രദേശങ്ങളില്‍ വരെ കേട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശക്തമായ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനമാണ് ഉണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ചിനും എട്ട് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരില്‍ നാല് കുട്ടികളും അഞ്ചു പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. എട്ടുപേര്‍ക്ക് നിസാരമായ പരുക്കുകളെയുള്ളു. തീവ്രവാദി ഹാഫിസ് സയീദിന്റെ വീട് സ്ഫോടനം നടന്ന പ്രദേശത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് സ്ഫോടനമെന്ന് പോലീസ് അറിയിച്ചു. വീടു പൂര്‍ണ്ണമായും അടച്ചുമൂടപ്പെട്ട നിലയിലായിരുന്നു. ഗ്യാസ് ചോര്‍ച്ചയുണ്ടാകുകയും ഭക്ഷണം പാചകം ചെയ്യുന്നതിനായി സ്റ്റൗ തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീട് മേല്‍ക്കൂരയടക്കം തകര്‍ന്നു. പരിക്കേറ്റവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കണ്ടെടുത്തത്. പരിക്ക് ഗുരുതരമാണ്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്ന് കുട്ടികളും മരിച്ചിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദര്‍ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ബുസ്ദര്‍ പറഞ്ഞു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.