കൊച്ചി: ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലെത്തിയെ 18കാരന് മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി, വിദേശിക്ക് അവയവദാനം ചെയ്തെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എബിന്റെ അമ്മ ഓമന. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുത്തത്. സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
മകന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മറ്റൊള്‍ക്ക് സഹായമാവട്ടെയെന്ന നിലയില്‍ അവയവദാനത്തിന് സമ്മതിച്ചത്. പുതിയ സാഹചര്യത്തില്‍ തന്നെ കബളിപ്പിക്കുകയായിരുന്നോയെന്ന് സംശയമുണ്ട്. മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു അന്ന് എന്നും ഓമന പറഞ്ഞു. ഇനി മറ്റൊള്‍ക്കും തന്റെ ദുരവസ്ഥ ഉണ്ടാവരുതെന്നും ഓമന പറഞ്ഞു. അതേസമയം രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി, ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നായിരുന്നു ഡോ. ഗണപതിയുടെ പരാതി.