കൊച്ചി : ലോകം മുഴുവന്‍ കോവിഡ് മഹാമാരിയുടെ പിടിയിലാണ്. അപ്പോഴും ഒരു ലക്ഷത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഇതുവരെ ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപ്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മുഖ്യമായും കേരളത്തെ ആശ്രയിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. 64000 മാത്രമാണ് ഇവിടത്തെ ജനസംഖ്യ. കൊവിഡ് വ്യാപിക്കുന്ന സമയത്ത് തന്നെ കൃത്യമായ സുരക്ഷാ മുന്‍കരുതുകള്‍ ലക്ഷദ്വീപില്‍ സ്വീകരിച്ചിരുന്നു. എല്ലാവര്‍ക്കും പരിശോധന നടത്തുകയും നിര്‍ബന്ധിത ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുത്തിരുന്നു. വളരെ നേരത്തെ തന്നെ ഞങ്ങള്‍ വിദേശ വിനോദ സഞ്ചാരികളുടേയും തുടര്‍ന്ന് ആഭ്യന്തര വിനോദ സഞ്ചാരികളുടേയും പ്രവേശനം നിയന്ത്രിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് എല്ലാ യാത്രക്കാരെയും തടഞ്ഞു.
ലോക് ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ കൊവിഡിനെക്കുറിച്ച് അവബോധം ഉണ്ടാക്കി. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ലക്ഷദ്വീപിലെ എല്ലാവരെയും കൊച്ചിയിലും മംഗലാപുരത്തും ആര്‍ടി-പിസിആര്‍ വഴി കൊവിഡ് പരിശോധന നടത്തി. എല്ലാവരുടേയും ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് ലക്ഷദ്വീപിലെ ആരോഗ്യ സെക്രട്ടറി ഡോ. എസ്. സുന്ദരവടിവേലു പറഞ്ഞു.
ആശാ, അംഗന്‍വാടി വര്‍ക്കര്‍മാര്‍ വീടുതോറും കയറി വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചു. പനിയും കൊവിഡിന്റെ മറ്റ് സംശയ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്താല്‍ ഞങ്ങളുടെ ഹെല്‍പ്പ്ലൈനില്‍ വിളിക്കാനുള്ള സംവിധാനം ഉണ്ടാക്കി. സംശയാസ്പദമായ ചില കേസുകളുടെ സാമ്പിളുകള്‍ എടുത്ത് കേരളത്തിലേക്ക് അയച്ചു. പക്ഷേ അവ നെഗറ്റീവ് ആയിരുന്നു. മാര്‍ച്ച് പകുതിവരെ കേരളവുമായി സ്ഥിരമായി ബന്ധമുണ്ടായിരുന്ന ലക്ഷദ്വീപിനെ സംബന്ധിച്ച് ഈ സുരക്ഷാ മുന്‍കരുതലുകള്‍ ഗുണകരമായി.