കുവൈറ്റ് : മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ആരാധകരുടെ ഓൺലൈൻ കൂട്ടായ്മയായ ലാൽകെയേഴ്സ് അതിന്റെ കുവൈത്തിലെ പ്രവർത്തനങ്ങളുടെ മൂന്നാം വാർഷികം ആഘോഷിച്ചു.
ഖൽദിയ യൂണിവേഴ്സിറ്റി സബാ അൽ സലേം തീയറ്ററിൽ സംഘടിപ്പിച്ച വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം തിങ്ങിനിറഞ്ഞ മോഹൻലാൽ ആരാധകരെ സാക്ഷിനിർത്തി മുഘ്യാതിഥിയായ അഗം ബാന്റിന്റെ ഹരീഷ് ശിവരാമകൃഷ്ണൻ നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു. ലാൽ കെയേഴ്സ് കുവൈത്ത് പ്രസിഡണ്ട് രാജേഷ് ആർ. ജെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വൈസറി ബോർഡ് ചെയർമാൻ മനോജ് മാവേലിക്കര, യൂണിമണി മാർക്കറ്റിംഗ് ഹെഡ് രഞ്ജിത്ത് പിള്ള, വൈസ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഷിബിൻ ലാൽ, പ്രോഗ്രാം ജോ. കൺവീനർ ജിതിൻ കൃഷ്ണ എന്നിവർ ആശംസകൾ നേർന്നു.
പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം പ്രശസ്ത കുവൈത്തി ഗായകൻ മുബാറക് അൽ റാഷിദ്, എഡിറ്റർ രഘുബാൽ തെങ്ങുംതുണ്ടിൽ, സബ് എഡിറ്റർ സനൽ പ്രഭാകരൻ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാർക്കും സ്പോൺസർമാർക്കും ചടങ്ങിൽ ആശംസാ ഫലകങ്ങൾ നൽകി ആദരിച്ചു. പ്രോഗ്രാം കൺവീനർ ജേക്കബ് തമ്പി സ്വാഗതവും, ട്രഷറർ അനീഷ് നായർ നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടന ചർങ്ങിന് ശേഷം കുവൈത്തിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പായ ഡികെ ഡാൻസ് വേൾഡ് മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ പ്രൊമോ വീഡിയോയെ ആസ്പദമാക്കി അൻപതോളം കലാകാരൻമാരെ പങ്കെടുപ്പിച്ച് പ്രത്യേകമായി കൊറിയോഗ്രാഫി ചെയ്തവതരിപ്പിച്ച നൃത്താവിഷ്കാരം കുവൈത്തിലെ മോഹൻലാൽ ആരാധകർക്ക് നവ്യാനുഭവമായി.
ആഘോഷപരിപാടികളുടെ ഭാഗമായി പാട്ടിലെ ഭാവം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രമുഖ കർണ്ണാട്ടിക് റോക്ക് ബാൻഡ് അഗങ്ങളായ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും അവതരിപ്പിച്ച അൺപ്ലഗ്ഗ്ഡ് വെർഷൻ കുവൈത്തിലെ സംഗീതാസ്വാദകരെ അക്ഷരാർത്ഥത്തിൽ തന്നെ ത്രസിപ്പിച്ചുകളഞ്ഞു. അഗം ബാൻഡിന്റെ ലീഡ് സിംഗറായ ഹരീഷ് ശിവരാമകൃഷ്ണനോടൊപ്പം ടി പ്രവീൺ കുമാർ (ലീഡ് ഗിത്താർ), സ്വാമി സീതാരാമൻ (കീബോർഡ്), ശിവകുമാർ നാഗരാജൻ (എത്നിക് പെർക്യൂഷൻ) എന്നിവർ സംഗീതാസ്വാദകരുടെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളുമായി പ്രവാസ മണ്ണിലെ സംഗീതാസ്വാദകർക്കായ് അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കുകയുണ്ടായി. കുവൈത്തിൽ ആദ്യമായി എത്തുന്ന ബാൻഡ് അംഗങ്ങൾ സദസ്സിനെ രണ്ടുമണിക്കൂറോളം താളം പിടിപ്പിച്ചും കൂടെപ്പാടിച്ചും ചേർത്ത് നിർത്തുകയായിരുന്നു.
റിപ്പോർട്ട് – ബിജു കുമ്പഴ