തൊടുപുഴ : ഇടുക്കി പരുന്തുംപാറയിലെ ഭൂമിതട്ടിപ്പില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്. സിനിമാ മേഖലയില്‍ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന എന്‍ അഷ്‌റഫിന് ക്രമക്കേടിലൂടെ അനുവദിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടു. വിജിലന്‍സ് അന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊല്ലംപറമ്പ് വീട്ടില്‍ എന്‍.അഷ്‌റഫ് പരുന്തുപാറയില്‍ രണ്ടുതവണയായി ഭൂമി തട്ടിപ്പ് നടത്തിയെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആദ്യം ജഗദമ്മ എന്ന സ്ത്രീയുടെ ഭൂമിയില്‍ നിന്ന് അതിരുകള്‍ മാറ്റി സ്വന്തം പേരില്‍ ആധാരം തയ്യാറാക്കി. പീരുമേട് മുന്‍ വില്ലേജ് ഓഫീസറായിരുന്ന പി.സി.തങ്കപ്പന്‍ മതിയായ പരിശോധകള്‍ നടത്താതെ ഈ ഭൂമിക്ക് പോക്കുവരവ് ചെയ്തുനല്‍കി.
രണ്ടാമതായി പീരുമേട് വില്ലേജില്‍ 3.47 ഏക്കര്‍ ഭൂമി ഉണ്ടായിരിക്കേ 2013-ല്‍ അഷ്‌റഫിന്റെ മാതാവിന്റെ പേരില്‍ പട്ടയത്തിനായി അപേക്ഷിച്ച് മൂന്നരയേക്കര്‍ ഭൂമിക്ക് കൂടി പട്ടയം സ്വന്തമാക്കി. സര്‍വേ നമ്പര്‍ 534-ല്‍ പെട്ട സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് തെറ്റായി റിപ്പോര്‍ട്ട് നല്‍കിയത് പി.സിതങ്കപ്പന്‍, മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അജയന്‍ കെ.രാജന്‍, പീരുമേട് മുന്‍ വില്ലേജ് അസിസ്റ്റന്റായിരുന്ന ജോര്‍ജ് ജോണ്‍ എന്നിവരാണ്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. ഒപ്പം ഭൂമികളുടെ പട്ടയവും പോക്കുവരവും റദ്ദുചെയ്യണം. പി.സി.തങ്കപ്പന്‍ രണ്ടുമാസം മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു.