പന്തളം: കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ നഗരസഭയുടെ സ്ഥലത്തിനു ചുറ്റും വേലി സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. 90 സെന്റ് സ്ഥലമാണ് ഇത്തരത്തിൽ സംരക്ഷിക്കുക. ഭൂമിത്തർക്കം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. മുട്ടാർ നീർച്ചാലിലെ മാലിന്യം ബയോ മൈനിങ് നടത്താൻ താൽക്കാലികമായി ഈ സ്ഥലം ഉപയോഗിക്കും. പിന്നീട് സ്വകാര്യ ബസ് സ്റ്റാൻഡ് ഇവിടേക്ക് മാറ്റും. ഇതിനുള്ള നടപടികളും പുരോഗമിക്കുന്നു.
വേലി സ്ഥാപിക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പിന്റെ സഹകരണത്തോടെ ഡിസംബറിൽ സ്ഥലം അളന്നിരുന്നു. കെഎസ്ആർടിസിക്ക് 2.8 ഏക്കർ നൽകും. 1983ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി 3.53 ഏക്കർ ഭൂമിയാണ് വിലയ്ക്ക് വാങ്ങി കെഎസ്ആർടിസിക്ക് കൈമാറിയത്. കരാറിൽ കെഎസ്ആർടിസിക്ക് സ്വതന്ത്രമായി ഉപയോഗിക്കാമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു.
എന്നാൽ, കോർപറേഷൻ ഈ സ്ഥലം പേരിൽക്കൂട്ടി പോക്കുവരവ് ചെയ്തില്ല.ഇതു സംബന്ധിച്ചു ജൂലൈ 26ന്, സ്റ്റേഷൻ മാസ്റ്റർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിനു നഗരസഭാ സെക്രട്ടറി നൽകിയ മറുപടിയിൽ കലക്ടറെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതിനിടെ, ഡിസംബറിൽ താലൂക്ക് സർവേ വിഭാഗത്തിന്റെ സഹകരണത്തോടെ നഗരസഭ സ്ഥലം അളന്നു തിട്ടപ്പെടുത്തി. കെഎസ്ആർടിസിക്ക് 2.8 ഏക്കർ സ്ഥലം നൽകിയാൽ മതിയെന്നു കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു.