തിരുവനന്തപുരം: ഭൂമിയുടെ ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഭൂവുടമകളുടെ ആധാർ വിവരങ്ങളും ശേഖരിക്കാൻ നിർദേശം. അതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഒരു ഭൂവുടമക്ക് സംസ്ഥാനത്ത് വിവിധ വില്ലേജുകളിൽ ഭൂമി ഉണ്ടെങ്കിൽ അതെല്ലാം ഒറ്റ ഭൂപടമായി കാണാൻ സാധിക്കുന്ന തരത്തിലുള്ള ലാൻഡ് പാർസൽ മാപ്പ് സാങ്കേതികവിദ്യക്ക് ഇത് ഉപകരിക്കുമെന്നാണ് കണക്കുകൂട്ടൽ. കാർഷിക മേഖലയിൽ ഉൾപ്പെടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കും മറ്റും ഭൂമി വിവരങ്ങൾ പരിശോധിച്ച് വ്യക്തത വരുത്താനും ഇതു സഹായകമാകും. ഇക്കാര്യങ്ങൾ വ്യക്തമാക്കി സർവേ ഡയറക്ടർ നൽകിയ ശിപാർശ റവന്യൂ വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഇതിനായി കേന്ദ്ര സർക്കാറിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിന്റെ അനുമതി നേടിയെടുക്കാനുള്ള തുടർപ്രവർത്തനങ്ങൾക്ക് ഡയറക്ടറെ ചുമതലപ്പെടുത്തി. ഭൂവുടമയുടെ ആധാറും ഭൂമി വിവരങ്ങളും ബന്ധിപ്പിക്കാനുള്ള യുനീക് തണ്ടപ്പേർ പദ്ധതി വേഗത്തിൽ നടപ്പാക്കാനാണ് ഡിജിറ്റൽ സർവേയുമായി ഇതിനെ ബന്ധപ്പെടുത്തുന്നത്.
സംസ്ഥാനത്ത് ഒരു കോടിയിലേറെ ഭൂവുടമകൾ ഉണ്ടെന്നാണ് ഏകദേശ കണക്കെങ്കിലും ഇതുവരെ 40,000ത്തോളം ഭൂവുടമകളാണ് ആധാറും ഭൂമിവിവരങ്ങളും സ്വമേധയാ ബന്ധിപ്പിച്ചത്. നിലവിൽ ഓരോ ഭൂവുടമക്കും ഓരോ വില്ലേജിലും ഭൂമിയുടെ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത തണ്ടപ്പേരുകളാണ്. തണ്ടപ്പേർ രജിസ്റ്ററിൽ ഓരോ ഭൂവുടമക്കും തണ്ടപ്പേർ നമ്പറും നൽകിയിട്ടുണ്ട്.അതിനാൽ ഒരാൾക്ക് പല വില്ലേജുകളിലായി ഭൂമി ഉണ്ടെങ്കിൽ ഇപ്പോൾ വ്യത്യസ്ത തണ്ടപ്പേർ നമ്പറുകളാണ്. ഈ നമ്പറിനെ ആധാറുമായി ചേർത്ത് പുതിയൊരു നമ്പർ സൃഷ്ടിക്കുന്നതാണ് യുനീക് തണ്ടപ്പേർ പദ്ധതി. ഒരാൾക്കു പല വില്ലേജുകളിൽ ഭൂമി ഉണ്ടെങ്കിലും ഇതോടെ ഒരേ നമ്പർതന്നെയാകും.