അടിമാലി: ബൈസണ്‍വാലി ജപ്പാന്‍ കോളനിക്കുസമീപം ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്ന് വീടിനകത്ത് കല്ലും മണ്ണും ഒഴുകിയെത്തി .ചെമ്മണ്ണാര്‍ – ഗ്യാപ് റോഡിന്‍റെ താഴ്ഭാഗത്തെ മുട്ടുങ്കല്‍ ശശിയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. വ്യാഴാഴ്ച പകലായിരുന്നു സംഭവം.റോഡിനുമുകളില്‍ 100 മീറ്റര്‍ അകലെനിന്നാണ് ഉരുള്‍പൊട്ടിയൊഴുകിയത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പിന്‍ഭാഗത്തെ കതക് തകര്‍ത്തെത്തിയ മലവെള്ളം വീടിനകത്തേക്ക് കയറുകയായിരുന്നു .ഒരു മീറ്ററോളം ഉയരത്തില്‍ ചളിയും കല്ലുകളും നിറഞ്ഞു.
ബൈസണ്‍വാലിയില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്ന ശശിയും കുടുംബവും രണ്ടുമാസം മുമ്പാണ് ഈ വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രദേശത്ത് അരയേക്കറോളം സ്ഥലത്തെ ഏലം കൃഷിയും നശിച്ചു.മാങ്കുളം പഞ്ചായത്തിലും മഴ കനത്ത നാശമാണ് വിതച്ചത്. വേലിയാംപാറയില്‍ ഒരു വീട് തകര്‍ന്നു. വേലിയാംപാറ എടാട്ട് കടവില്‍ തമ്പിയുടെ വീട് തകര്‍ന്നു. വ്യാഴാഴ്ച ഉണ്ടായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു.