പത്തനംതിട്ട : ഭൂമി തരം മാറ്റല്‍ അദാലത്തില്‍ തിരുവല്ല റവന്യൂ ഡിവിഷനില്‍ സൗജന്യ തരം മാറ്റം അനുവദിച്ച് 315 അപേക്ഷകള്‍ തീര്‍പ്പാക്കി. തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ നടന്ന അദാലത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ 178 അപേക്ഷകര്‍ക്ക് ഉത്തരവ് വിതരണം ചെയ്തു. സൗജന്യ തരംമാറ്റത്തിന് അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നല്‍കിയത്. തിരുവല്ല റവന്യു ഡിവിഷനു കീഴിലുള്ള മല്ലപ്പള്ളി, റാന്നി, തിരുവല്ല താലൂക്കുകളില്‍ നിന്നായി ലഭിച്ച അപേക്ഷകളാണ് തീര്‍പ്പാക്കിയത്.
അവശേഷിക്കുന്ന ഏഴെണ്ണത്തിലെയും കുറവുകള്‍ പരിഹരിച്ച് ജനുവരി 30നു മുന്‍പായി തീര്‍പ്പാക്കും. തിരുവല്ല റവന്യു ഡിവിഷന് കീഴില്‍ സൗജന്യ തരംമാറ്റത്തിന് അര്‍ഹതയുളള അപേക്ഷകളില്‍ 97 ശതമാനം തീര്‍പ്പ് ആയി. ഭൂമി തരംമാറ്റി ലഭിക്കാനായി വര്‍ഷങ്ങളായി കാത്തിരുന്നവര്‍ക്കാണ് അദാലത്ത് ആശ്വാസമായത്. റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അഡ്വ.മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എ ഷിബു, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.