പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ശ്മശാനം ഭൂമി വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി ഒരു ഏക്കര്‍ 96 സെന്റ് സ്ഥലം ഇളമണ്ണൂര്‍ സ്‌കിന്നര്‍പുരം എസ്റ്റേറ്റില്‍ മരുതിമൂടിന് തെക്കുവശത്തായി വാങ്ങി. സ്ഥലം വാങ്ങിയതിന്റെ ആധാരം രജിസ്റ്റര്‍ ചെയ്തത് സബ് രജിസ്ട്രാര്‍, പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കിഫ്ബി പദ്ധതിയുടെ സഹായത്തോടെ ആധുനിക രീതിയിലുള്ള ശ്മശാനം നിര്‍മാണത്തിനാണ് പഞ്ചായത്ത് കമ്മറ്റി ലക്ഷ്യമിടുന്നത്. ലൈഫ്, പി.എം.എ.വൈ തുടങ്ങിയ ഭവന പദ്ധതികള്‍ പ്രകാരമുള്ള ഗുണഭോക്താക്കളും കോളനി പ്രദേശത്ത് അധിവസിക്കുന്നവരും അഞ്ച് സെന്റില്‍ താഴെ വസ്തു ഉള്ളവര്‍ക്കും അടിയിന്തിര പ്രാധന്യമുള്ള ഒന്നാണ് പൊതുശ്മശാനം.
അധികം ജനവാസ മേഖലയല്ലാത്ത നിര്‍ദിഷ്ട പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നതിന് ഡി.പി.ആര്‍ തയാറാക്കി നല്‍കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്മശാനത്തിന് ആവശ്യമായ റോഡ് പുനരുദ്ധാരണം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 2024 വര്‍ഷത്തോടുകൂടി പൊതുശ്മശാനം പൂര്‍ത്തീകരിക്കുന്നതിനാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ പറഞ്ഞു.