ജക്കാര്‍ത്ത : ഇന്തോനേഷ്യൻ ജയിലിലുണ്ടായ വൻ തീപിടിത്തത്തിൽ 41 തടവുകാര്‍ മരിച്ചു. നിരവധിയാളുകൾക്ക് പൊള്ളലേറ്റു. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്ക് സമീപത്തെ തന്‍ജെറാങ് ജയിലിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. തടവുകാരെല്ലാം ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ദുരന്തമുണ്ടായത്.
തടവുകാര്‍ ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് അധികൃതർ പറയുന്നത്. ഒരു ബ്ലോക്കിൽ നിന്ന് വലിയ രീതിയിൽ തീ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കാണ് ഇത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.
തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. 41 തടവുകാർ മരിച്ചു, 8 പേരുടെ നില ഗുരുതരമാണ്. മറ്റ് 72 പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ജക്കാർത്ത പോലീസ് ചീഫ് ഫാദിൽ ഇമ്രാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം അധികൃതർ അന്വേഷിച്ച് വരികയാണ്.