തിരുവനന്തപുരം : ഭരണമേറ്റെടുത്ത പിണറായി സര്‍ക്കാരിനും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനും കിട്ടിയ കച്ചിത്തുരുമ്പാണ് ലക്ഷദ്വീപ് വിഷയം. ഈ വിഷയം ഉയര്‍ത്തിക്കാട്ടി ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പിയെ പരമാവധി ഒറ്റപ്പെടുത്തുക എന്നതാണ് ഇടത്-വലത് നേതാക്കളുടെ രാഷ്ട്രീയ തന്ത്രം. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിങ്കളാഴ്ച ഔദ്യോഗിക പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.