ചെറുവത്തൂർ: വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റ് പരീക്ഷക്ക് അപേക്ഷകൾ കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ വിജ്ഞാപനത്തിൽ ലഭിച്ചതിനേക്കാൾ 2,21,844 അപേക്ഷകരുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 14 ജില്ലകളിലേക്കായി ആകെ 4,76,953 പേരാണ് ഇത്തവണ അപേക്ഷ സമർപ്പിച്ചത്. പരീക്ഷ നാല് ഘട്ടങ്ങളിലായി നടക്കും. കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ ഒന്നാം ഘട്ട പരീക്ഷ നവംബർ രണ്ടിന് നടക്കും. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നവംബർ 23നും തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ നവംബർ 30നും പരീക്ഷ നടക്കും. എന്നാൽ അവസാനഘട്ട പരീക്ഷ നടക്കേണ്ട ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പരീക്ഷാ തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇത് ഡിസംബർ ആദ്യവാരത്തിലായിരിക്കും നടക്കുന്നത്.
മൂന്നുഘട്ട പരീക്ഷ തീയതി പ്രഖ്യാപിച്ച 11 ജില്ലകളിലും ഈ മാസം 11ന് പ്രൊഫൈലിൽ പരീക്ഷ എഴുതുമെന്ന ഉറപ്പുനൽകണം. അല്ലാത്തപക്ഷം അവസരം നഷ്ടമാകും. 72614 പേർ അപേക്ഷ സമർപ്പിച്ച തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ അപേക്ഷകർ ഉള്ളത്. 53124 പേർ അപേക്ഷിച്ച മലപ്പുറം, 47393 പേർ അപേക്ഷിച്ച കോഴിക്കോട്, 45297 പേർ അപേക്ഷിച്ച കൊല്ലം എന്നിവിടങ്ങളിലും ഇത്തവണ അപേക്ഷകർ കൂടി. 15817 പേർ അപേക്ഷിച്ച പത്തനംതിട്ടയിലാണ് അപേക്ഷകർ കുറവ്. 16431 പേർ അപേക്ഷിച്ച വയനാടാണ് അപേക്ഷകർ കുറഞ്ഞ മറ്റൊരു ജില്ല. ബിരുദം യോഗ്യതയുള്ളവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ലെന്നതാണ് അപേക്ഷകർ കുറയാനുള്ള പ്രധാന കാരണം.