ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലെ യുവരാജാവാകാൻ ഒരുങ്ങി ‘യുവ 2’ സ്മാർട്ട്ഫോണുമായി ലാവ. യുവ 2 പ്രോ അവതരിപ്പിച്ച് മാസങ്ങൾക്കകമാണ് ബജറ്റ് ഫ്രണ്ട്‌ലിയായ യുവ 2 മോഡൽ ലാവ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ യുവ 2 സഹോദരനായ യുവ 2 സ്മാർട്ട്ഫോണിനെപ്പോലെ തന്നെയാണ്. പ്രോയിൽ കണ്ടതുപോലെ തന്നെ ലാവ 2വിലും സെൽഫി ക്യാമറ വാട്ടർഡ്രോപ്പ്- സ്റ്റൈൽ നോച്ച് വഹിക്കുന്നു. പിൻഭാഗത്ത് ഇപ്പോൾ മൂന്നിന് പകരം രണ്ട് ക്യാമറ സെൻസറുകൾ ആണ് കാണുക. മത്സരാധിഷ്ഠിത വില ഉറപ്പാക്കാൻ മീഡിയടെക്കിന് പകരം യൂണിസോക് (Unisoc T606) എന്ന ചിപ്‌സെറ്റും ലാവ ഇതിൽ നൽകിയിരിക്കുന്നു. ഇന്ത്യൻ കമ്പനിയായ ലാവ, ബജറ്റ് വിഭാഗത്തിലെ ഏറ്റവും നിരക്കു കുറഞ്ഞ സ്മാർട്ട്ഫോണുകളുടെ നിരയിലേക്കാണ് യുവ 2 അവതരിപ്പിച്ചിരിക്കുന്നത്. 3 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള യുവ 2 വെറും 6,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് യുവ 2 പ്രോയേക്കാൾ 1,000 രൂപ കുറവാണ്. യുവ 2 സ്മാർട്ട്ഫോൺ യുവ 2 പ്രോയുടെ അതേ കളർ ഓപ്ഷനുകൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ലാവെൻഡർ, ഗ്ലാസ് ഗ്രീൻ എന്നീ നിറങ്ങളിൽ ഇഷ്ടമുള്ളത് ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ലാവയുടെ റീട്ടെയിൽ നെറ്റ്വർക്കിൽ ഉടനീളം ഇന്ന് മുതൽ തന്നെ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.
കുറഞ്ഞ വിലയിൽ എത്തുന്നു എന്നതിനപ്പുറം, പതിനായിരത്തിനും അതിനു മുകളിലും വിലയിൽ മറ്റ് പ്രമുഖ ബ്രാൻഡുകൾ പുറത്തിറക്കിയ സ്മാർട്ട്ഫോണുകളിലുള്ള ഫീച്ചറുകൾ വെറും 6999 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ലാവ യുവ 2 വിന്റെ സവിശേഷത. അത്യാവശ്യം ഉപയോഗങ്ങൾക്കായി ഒരു സാധാരണ ഫോൺ ആവശ്യമുള്ളവർക്ക് കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുന്ന ഓപ്ഷനെന്ന നിലയിൽ യുവ 2 പരിഗണിക്കാം. 13 മെഗാപിക്‌സൽ ഡ്യുവൽ എഐ പിൻ ക്യാമറയും സ്‌ക്രീൻ ഫ്‌ളാഷോടു കൂടിയ 5 മെഗാപിക്‌സൽ മുൻ ക്യാമറയും സഹിതമാണ് ഈ ലാവ ഫോൺ എത്തുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, അനോണിമസ് ഓട്ടോ-കോൾ റെക്കോർഡിംഗ് ഫീച്ചർ, നോയ്സ് ക്യാൻസലേഷനായി ഇരട്ട മൈക്രോഫോണുകൾ എന്നിവയും ലാവ യുവ 2 വാഗ്ദാനം ചെയ്യുന്നു. ലാവയുടെ പുതിയ ‘സിങ്ക്’ സ്‌ക്രീൻ ഡിസ്‌പ്ലേയ്‌ക്കൊപ്പം 90Hz റിഫ്രഷ് റേറ്റുമുണ്ട്. “ഹൈ സ്‌ക്രീൻ-ടു-ബോഡി റേഷ്യോ”, “ലോവർ ബെസലുകൾ” എന്നിവ നൽകുന്നതിൽ സിങ്ക് ഡിസ്‌പ്ലേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കമ്പനി വിശദീകരിക്കുന്നു. കാഴ്ചയിൽ കൂടുതൽ ആകർഷകത്വം ഉറപ്പാക്കാൻ പിൻ പാനലിന് ലാവ ഗ്ലാസ് പോലുള്ള മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നു.
ആൻഡ്രോയിഡ് 12-ലാണ് യുവ 2 പ്രവർത്തിക്കുന്നത്, എന്നിരുന്നാലും വൃത്തിയുള്ളതും ബ്ലോട്ട്വെയർ രഹിതവുമായ ആൻഡ്രോയിഡ് അനുഭവം കമ്പനി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് വർഷത്തേക്ക് ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ യുവ 2 വിന് ലഭിക്കും. ബജറ്റ് ഫോൺ ആണ് എന്നുകരുതി യാതൊരു അവഗണനയും ഈ സ്മാർട്ട്ഫോണിനോടും ഉപയോക്താക്കളോടും ലാവ കാണിക്കുന്നില്ല. മറ്റ് ലാവ ഫോണുകൾക്ക് ലഭിക്കും പോലെ, എന്തെങ്കിലും തകരാർ ഉണ്ടായാൽ വീട്ടിലെത്തി സൗജന്യമായി പ്രശ്നം പരിഹരിച്ച് നൽകുന്ന ലാവയുടെ വാതിൽപ്പടി സേവനം യുവ 2വിനും ലഭ്യമാണ്. വാറന്റി പിരീഡിൽ മാത്രമാണ് ഈ സൗജന്യം ലഭ്യമാകുക.
5,000mAh ബാറ്ററിയും ടൈപ്പ്-സി 10W ചാർജറുമായിട്ടാണ് യുവ 2 വരുന്നത്. എന്നാൽ ഇതാരു 4ജി ഫോൺ ആണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. 5ജി ഫോൺ ദിവസവും പുറത്തിറങ്ങുന്ന ഈ സമയത്ത് 4ജി ഫോണുകൾക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ പല പ്രമുഖ ബ്രാൻഡുകളും ഇപ്പോഴും പുതിയ 4ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇറക്കുന്നുണ്ടെന്നതാണ് സത്യം. കഴിഞ്ഞ ദിവസം രണ്ട് പ്രമുഖ ബ്രാൻഡുകൾ 17,000 രൂപ വിലയിലും 9999 രൂപ വിലയിലും പുതിയ 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. പ്രധാന ആവശ്യങ്ങൾക്കപ്പുറം രണ്ടാമതൊരു മൊബൈൽ കൂടി ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവരെയും ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാരെയും ലക്ഷ്യമിട്ടാണ് ഈ ഫോണുകൾ എത്തുന്നത്.