ബെംഗലൂരു: കര്‍ണാടകയില്‍ ബിജെപി വിട്ട മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി കോണ്‍ഗ്രസിലേക്ക്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മണ്‍ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ധരാമയ്യയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ വന്നതാണ് ലക്ഷ്മണ്‍ സാവഡി ബിജെപി അംഗത്വം രാജി വെക്കാന്‍ കാരണം. അതാനി സീറ്റിലാണ് അദ്ദേഹം കോണ്‍ഗ്രസിനായും ഇക്കുറി മത്സരിക്കുന്നത്.
യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവാണ്. 2004 ല്‍ ബെലഗാവി അതാനി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2018 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്നാല്‍ 2018-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മഹേഷ് കുമത്തള്ളിയോട് തോറ്റു. 2019 ല്‍ മഹേഷ് കുമത്തള്ളി കൂറ് മാറി ബിജെപിയിലെത്തി.