കൊല്ലം : ശ്രീനാരായണ ഗുരുവിന്റെ ഫോട്ടോ പതിപ്പിച്ച ഫ്ളക്സ് ബോര്‍ഡുമായി വോട്ട് തേടിയ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിവാദത്തില്‍. ഇരവിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.നൗഷാദ് ആണ് വിവാദത്തിലായിരിക്കുന്നത്. വോട്ട് പിടിക്കാന്‍ ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല കൊല്ലത്തിന് സമ്മാനിച്ച എല്‍ഡിഎഫിന് ഒരു വോട്ട് എന്നാണ് ഗുരുദേവന്റെ ചിത്രത്തിനൊപ്പം ചേര്‍ത്തുള്ള വാചകം. ഇതിനൊപ്പം നൗഷാദിന്റെ ചിത്രവും ചേര്‍ത്തുള്ള ഫ്ളക്സ് ബോര്‍ഡ് ആണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കൊല്ലത്തെ ഈഴവ സമുദായത്തെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ നിരവധിയാളുകള്‍ ശബ്ദമുയര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ ജനവികാരം എതിരാണെന്ന് മനസിലാക്കിയാണ് എല്‍ ഡി എഫ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ലോഗോയില്‍ ഗുരുദേവന്‍ പോയിട്ട് ഒറ്റ വചനം പോലും ഇല്ലെന്നത് ഏറെ വിവാദമായിരുന്നു. വിവാദവും പ്രതിഷേധവും കനത്തതോടെ ലോഗോ പിന്‍വലിച്ചെങ്കിലും പുതിയ ലോഗോ ഇതുവരെ പുറത്തുകാണിച്ചിട്ടില്ല. ഓപ്പണ്‍ സര്‍വ്വകലാശാലയുടെ വി.സിയായി ശ്രീനാരായണീയനായ ഒരു വിദ്യാഭ്യാസ വിചക്ഷണനെ നിയമിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്.
വലിയൊരു ജനസമൂഹം ദൈവമായി ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്ന ഗുരുദേവന്റെ ചിത്രം എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു ആയുധമാക്കി ഉപയോഗിക്കുന്നതിനെതിരെ വന്‍ അമര്‍ഷമാണ് വോട്ടര്‍മാരിലുണ്ടാക്കുന്നത്.