ഇരിങ്ങാലക്കുട: കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് പിന്നാലെ ഇരിങ്ങാലക്കുടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ബിന്ദു രാധാകൃഷ്ണനും പ്രതിസന്ധിയില്‍. ശബരിമല കേസില്‍ ബിന്ദു രാധാകൃഷ്ണന്‍ സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ പ്രചരണായുധം ആക്കാനുള്ള പദ്ധതിയിലാണ് എതിരാളികള്‍.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും എം വിജയരാഘവന്റെ ഭാര്യയുമായ ബിന്ദു രാധാകൃഷ്ണന്‍ ശബരിമല കേസുമായി ബന്ധപ്പെട്ട് 2016 ല്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ശബരിമല ഹിന്ദുക്കളുടേതാണെന്ന് ആരറിഞ്ഞുവെന്ന് ബിന്ദു തന്റെ പഴയ കുറിപ്പില്‍ ചോദിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ പങ്കുവെച്ച പഴയ പോസ്റ്റ് ഇങ്ങനെ
നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞു കൊള്ളൂ……….അനതിവിദൂരമായ ഭാവിയില്‍ ശബരിമല പെണ്ണുങ്ങളുടെ കൂടിയാകും……… അയ്യപ്പനെ പോലെ gender categorizations-നെയും power hierarchy-യെയും നിരാകരിച്ച്, നഗര സംസ്കാരങ്ങള്‍ തള്ളി കാടന്‍മേഖലകള്‍ പൂകിയ മറ്റേതു ദൈവമുണ്ട്? ശിവന് transgender മോഹിനിയില്‍ ജനിച്ച അയ്യപ്പന്റെ വേണ്ടപ്പെട്ട സ്നേഹിതര്‍ വാവരും മാളികപ്പുറത്തമ്മയും അല്ലെ? എല്ലാ പ്രാന്തവത്കൃതരെയും അംഗീകരിച്ച tribal leader നമ്മുടെ അയ്യപ്പന്‍………..അങ്ങേരുടെ പേരില്‍ വേണമോ ഈ ഹാലിളക്കം എന്ന് ഹൈന്ദവതയുടെ കാവല്‍ക്കാരായ ചേട്ടന്മാരോട് സവിനയം ചോദിക്കട്ടെ……..അല്ലെങ്കില്‍ തന്നെ ശബരിമല ക്ഷേത്രം ഹിന്ദുക്കളുടെതാണെന്ന് ആര് പറഞ്ഞു? അമ്പലത്തിന്റെ കെട്ടും മട്ടും, ശരണം വിളികളും വിഗ്രഹത്തിന്റെ ഇരിപ്പും ഒക്കെ അത്ബുദ്ധവിഹാരമാണെന്ന വാദത്തെ സാധൂകരിക്കുന്നുണ്ട്. പിന്നെതിനാ ഹിന്ദുവിന്റെ പേരില്‍ വിലപിക്കുന്നതു?
പണ്ട് കരിമല കയറ്റമൊക്കെ കഠിനമായിരുന്ന കാലത്ത്, ഒരുപാട് ദിവസം നടന്നു മാത്രമേ മുകളില്‍ ഇരിക്കുന്ന അയ്യപ്പനെ കാണാന്‍ കഴിയൂ എന്നുള്ള കാലത്ത്, ആര്‍ത്തവസംബന്ധിയായ ചില വല്ലായ്മകള്‍ യാത്രാക്ലേശം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന കാരണത്താലാകും സ്ത്രീകള്‍ പോകേണ്ട എന്ന വഴക്കം ഉണ്ടായി വന്നത്. പിതൃമേധാവിത്വത്തിന്റെ കാണാച്ചരടുകള്‍ പിന്നീടതിന് പലഭാഷ്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം……
ഇന്ന് പണ്ടുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യാതൊരു വൃതാനുഷ്ട്ടാനങ്ങളും കൃത്യമായി നടത്താതെ ആഡംബര വാഹനങ്ങളില്‍ ഒരു ദിവസം കൊണ്ട് പോയിവരുന്നവരല്ലേ, ശബരിമലയില്‍ പോകുന്ന ആണുങ്ങളായ അയ്യപ്പഭക്തന്മാരില്‍ ഭൂരിപക്ഷവും? പിന്നെ പെണ്ണുങ്ങളുടെ കാര്യത്തില്‍ മാത്രം പഴങ്കഥകള്‍ പാടുന്നതെന്തിനാണ്? ആചാരങ്ങള്‍ എല്ലാംതന്നെ കാലാനുസാരിയായി പരിഷ്ക്കരിക്കപ്പെടും…….അതാരാലും തടഞ്ഞു നിര്‍ത്താനാവില്ല……… പ്രിയമുള്ള പിതാക്കന്മാരേ, ആങ്ങളമാരെ, അമ്മാവന്മാരേ, ഞങ്ങളും കണ്ടോട്ടെ ആ കാനനവാസനെ……..ചുമ്മാ സമ്മതിക്കണം, പ്ലീസ്……അല്ലെങ്കില്‍, മല ചവിട്ടാന്‍ മ്മക്ക് മ്മടെ വഴി നോക്കാം……സ്വാമിശരണം……..വണ്ടി വിട്…………റയ്റ്റ്……….