കോഴഞ്ചേരി : എൽ.ഡി.എഫ്. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ പഞ്ചായത്ത് അംഗം കൂടിയായ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. പത്താം വാർഡിനെ പ്രതിനിധീകരിക്കുന്ന സോണി കൊച്ചുതുണ്ടിയിലാണ് തന്റെ മുന്നണി ഭരിക്കുന്ന പഞ്ചായത്തിനെതിരേ കേസ് നൽകിയിരിക്കുന്നത്. 2024-25 വാർഷികപദ്ധതി തുക വാർഡുകൾക്ക് ഒരുപോലെ വീതിക്കാതെ നാല്, 13 വാർഡുകളിൽ യഥാക്രമം 33 ലക്ഷം, 20 ലക്ഷം എന്നീ ക്രമത്തിൽ അധികത്തിൽ വകമാറ്റിയതിനെയാണ് അഡ്വ. തോമസ് എബ്രഹാം മുഖാന്തിരം ചോദ്യം ചെയ്തത്. കേസ് വ്യാഴാഴ്ച കോടതി പരിഗണിക്കും. മരാമത്ത് പണികൾക്കുള്ള തുക ശേഷിക്കുന്ന 11 വാർഡുകളിലും ലഭിച്ചിട്ടില്ല.
നാലാംവാർഡിനെ എൽ.ഡി.എഫ്. ഘടകകക്ഷി അംഗവും 13-ാം വാർഡിനെ ബി.ജെ.പി. അംഗവുമാണ് പ്രതിനിധീകരിക്കുന്നത്. ഇവരെയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്. പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടർമാർ, കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് മറ്റ് കക്ഷികൾ. കുറെ നാളുകളായി പഞ്ചായത്ത് ഭരണസമിതിയിലും പ്രാദേശികമായി സി.പി.എമ്മിലും ഉണ്ടായിട്ടുള്ള ചേരിപ്പോരും വിഭാഗീയതയും ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. എൽ.ഡി.എഫ്. ഭരണസമിതിക്കെതിരേ സി.പി.എം. പ്രതിനിധി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫ്.-മൂന്ന്, എൽ.ഡി.എഫ്.-ഏഴ്, ബി.ജെ.പി.-രണ്ട്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. റോയി ഫിലിപ്പ്, സാലി ഫിലിപ്പ് എന്നിവർ യു.ഡി.എഫ്. പാളയത്തിൽ നിന്ന് എൽ.ഡി.എഫിലേക്ക് ചേക്കേറുകയായിരുന്നു. തുടർന്ന് റോയി ഫിലിപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആകുകയുമായിരുന്നു. ഇങ്ങനെയാണ് എൽ.ഡി.എഫിന്റെ അംഗസംഖ്യ ഏഴായത്. ഭരണസമിതിക്കെതിരേ കേസ് കൊടുത്ത സോണി കൊച്ചുതുണ്ടിയിൽ കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി സി.പി.എം. ചിഹ്നത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപ്പഞ്ചായത്ത് അംഗവും വർഷങ്ങളായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗവുമാണ്.