ഇടുക്കി: ഇടുക്കി ഉടമ്പന്നൂര്‍ ടൗണില്‍ എല്‍.ഡി.എഫ് വിജയാഘോഷത്തിന്റെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡി ജെ പാര്‍ട്ടി. ഡി വൈ എഫ് ഐ നടത്തിയ പാര്‍ട്ടിയില്‍ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ലൈവായി ഡി വൈ എഫ് ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്‌ക്കുകയും ചെയ്‌തിരുന്നു. മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു യുവജന സംഘടനയുടെ ഡി ജെ പാര്‍ട്ടി.
ഇരുപത് വര്‍ഷമായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ മദ്യവിതരണവും ഉണ്ടായിരുന്നുവെന്നാണ് എതിര്‍കക്ഷികളുടെ ആക്ഷേപം. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ആഘോഷങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് വളരെ വൈകിയും തുടരുകയായിരുന്നു. സംഘടനയുടെ ജില്ലാ നേതാക്കള്‍, ജനപ്രതിനിധികള്‍, സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.