പന്തളം: കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും വികസന രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ് എൽഡിഎഫ് സർക്കാരെന്ന് സിപിഐ സംസ്ഥാന എക്സി. അംഗം ആർ രാജേന്ദ്രൻ പറഞ്ഞു. സിപിഐ പന്തളം ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും വികസനത്തിൻ്റെ വെളിച്ചം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ച് കൃത്യമായി വിതരണം ചെയ്യുന്നു. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിൽ ബഹുദൂരം മുന്നോട്ടു പോയി. കാർഷിക രംഗം മെച്ചപ്പെട്ടു. അർഹതപ്പെട്ടവർക്കെല്ലാം പട്ടയം വിതരണം ചെയ്തു. റോഡ് വികസനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ഭീകരവാദം ലോകത്തു നിന്നും തുടച്ചു നീക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധസമാനമായ അന്തരീക്ഷം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നും സമാധാനം പുലരണമെന്നുമാണ് സിപിഐയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഗിരീഷ് ജെ, അനുമോൾ, ആർ ജയൻ എന്നിവർ പ്രസീഡിയത്തിൽ അംഗങ്ങളായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി, മണ്ഡലം സെക്രട്ടറി ജി ബൈജു, ജില്ല കൗൺസിൽ അംഗങ്ങളായ കെ മണിക്കുട്ടൻ, അഡ്വ. ആർ ജയൻ, രേഖ അനിൽ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് അജയകുമാർ, അജിത് ആർ പിള്ള, അഡ്വ. വി സതീഷ് കുമാർ, എച്ച് ഹക്കിം ഷ, സുദർശനൻ, വി ശോഭന കുമാരി, പരമേശ്യര കുറുപ്പ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയായി ശ്രീരാജിനെ തിരഞ്ഞെടുത്തു.