മലപ്പുറം : നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടേയെന്ന് നിലമ്പൂരിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എം സ്വരാജ്. ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണ്ണമായും സജ്ജമായിക്കഴിഞ്ഞു. പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥിയാക്കുന്നത് ഇടതുമുന്നമി കാലങ്ങളായി തുടരുന്ന രീതിയാണ്. അത് പലപ്പോഴും കേരളത്തിന് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂർ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ഇടതുപക്ഷം ജയിച്ചിട്ടുള്ള മണ്ഡലമാണ്.
സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി ജയിച്ചിട്ടുള്ള മണ്ഡലവുമാണ്. എല്ലാവർക്കും സ്വീകാര്യനായ, വിജയം ഉറപ്പാക്കുന്ന ഒരു സ്ഥാനാർത്ഥിയെ നിലമ്പൂരിൽ മുന്നണി തീരുമാനിക്കും. അത് സ്വതന്ത്രനാണോ, പാർട്ടി സ്ഥാനാർത്ഥിയാണോ എന്നത് തൽക്കാലം ഒരു സസ്പെൻസായി ഇരിക്കട്ടേയെന്നും എം സ്വരാജ് പറഞ്ഞു. പി വി അൻവർ തെരഞ്ഞെടുപ്പിൽ ഒരു ഫാക്ടർ ആകുമെന്ന് നിലമ്പൂരിൽ ആരും അഭിപ്രായപ്പെടുന്നില്ല. പി വി അൻവറിന്‍റെ മുന്നണിപ്രവേശനം പ്രതിസന്ധിയൊന്നും തങ്ങൾ നോക്കാറില്ലെന്നും അൻവർ സൃഷ്ടിക്കുന്ന അനിവാര്യ ദുരന്തം യുഡിഎഫ് അനുഭവിക്കട്ടേയെന്നും സ്വരാജ് പരിഹസിച്ചു.