കൊച്ചി : ഫുട്ബോളിൽ എതിരാളികളുടെ മുൻമത്സരങ്ങളുടെ വിഡിയോ പരിശീലകർ കാണാറുണ്ട് – പ്രത്യേകിച്ച് കൂടുതൽ കരുത്തരായ ടീമിനെ നേരിടുന്നതിനു മുൻപ്. ഏത് അടവു പയറ്റിയാൽ മെച്ചമുണ്ടാക്കാമെന്ന് അറിയാനും എതിരാളിയുടെ ദൗർബല്യം കണ്ടുപിടിക്കാനുമാണത്. അത്തരമൊരു പഠനത്തിലൂടെയാണ് സിപിഎം എറണാകുളം ലോക്സഭാ സീറ്റിലേക്കു സ്ഥാനാർഥിയെ കണ്ടെത്തിയത്. സമുദായവും പ്രായവുമൊക്കെ കണക്കുകൂട്ടിയുള്ള തന്ത്രം. കോൺഗ്രസിന്റെ കോട്ട തകർക്കാൻ ഇതു മതിയാകുമോ എന്നറിയാൻ കാത്തിരിക്കണം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന സ്ഥാനാർഥികളിലൊരാളായ ഹൈബി ഇൗഡനെ നേരിടുന്നത് അപ്രതീക്ഷിത സ്ഥാനാർഥിയായ കെ.ജെ.ഷൈൻ. കോൺഗ്രസും സിപിഎമ്മും പേരുകൾ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നേയുള്ളൂ. എല്ലാം സെറ്റാണ്. ബിജെപി നിരയിൽ ആരെന്ന ചോദ്യം അവശേഷിക്കുന്നു. കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി എൻഡിഎ സ്ഥാനാർഥിയാകുമെന്നാണു കേൾവി. അങ്ങനെ വന്നാൽ എറണാകുളത്ത് ചെറുപ്പത്തിന്റെ ആവേശപ്പോരായിരിക്കും.