കൊച്ചി : ആലുവ കളമശ്ശേരി കുന്നത്തുനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലി എല്‍ഡിഎഫില്‍ പ്രതിഷേധം. കുന്നത്ത്നാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്ന് കാണിച്ച് പോസ്റ്ററുകള്‍ ഇറങ്ങി. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ ഇറങ്ങിയത്. പാര്‍ട്ടിയുമായി അടുത്ത് നില്‍ക്കുന്ന ആളുകളെ തഴഞ്ഞ് മറ്റാളുകള്‍ക്ക് സീറ്റ് നല്‍കുന്നുവെന്നതാണ് പ്രധാന ആരോപണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇത്തരം ആരോപണമുന്നയിച്ചെങ്കിലും പരസ്യമായ പ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റുവെന്നതാണ് പ്രധാന ആക്ഷേപം. ജില്ലാ കമ്മിറ്റിയോ സംസ്ഥാന സെക്രട്ടറിയേറ്റോ അറിഞ്ഞു കൊണ്ടാണോ ഈ തീരുമാനമെന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്.
കളമശ്ശേരിയിലും ആലുവയിലും ജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ട്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഇവിടെ സജീവമാണ്. അവിടെ ചന്ദ്രൻ പിള്ളയ്ക്ക് പകരം മറ്റൊരാളെ നിര്‍ദേശിക്കണമെന്ന് പറയുന്നു. ആലുവയില്‍ കോണ്‍ഗ്രസ്സുമായി അടുത്തനില്‍ക്കുന്ന ആളിന്റെ ബന്ധുവിന്റെ പേര് കേള്‍ക്കുന്നുവെന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.
മൂന്ന് മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധവുമുണ്ട്. അതാണ് പോസ്റ്ററുകളിൽ പ്രതിഫലിക്കുന്നതും.