തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയില്‍ സി.പി.ഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വിട്ട് നല്‍കും. സിപിഎമ്മുമായി ഇന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം പങ്കുവെച്ച് നല്‍കാനും ആലോചനകളുണ്ട്.
തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുമ്പ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച് സി.പി.എം – സി.പി.ഐ ധാരണക്ക് വേണ്ടിയാണ് രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച നടന്നത് . 21 അംഗ ക്യാബിനറ്റില്‍ സി.പി.ഐ യില്‍ നിന്ന് നാലു മന്ത്രിമാരും സി പി എമ്മിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരും ഉണ്ടാകും. സ്പീക്കര്‍ സി പി എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സി പി ഐ ക്കും തന്നെ. ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ട് നല്‍കും. സ്ഥിരം വകുപ്പുകളില്‍ മാറ്റം വേണമെന്ന നിര്‍ദ്ദേശം സി പി എം മുന്നോട്ട് വെച്ചെങ്കിലും സി പി ഐ അനുകൂലമായി പ്രതികരിച്ചിട്ടില്ല .
17 ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായി നടക്കുന്ന സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമാകും. ഘടകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച നിര്‍ദേശവും ഇന്നത്തെ കുടിക്കാഴ്ചയില്‍ സി പി ഐ യെ സി പി എം അറിയിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നല്‍കും. എന്‍സിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാര്‍. ഒറ്റ സീറ്റുള്ള പാര്‍ട്ടികളില്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് മന്ത്രി സ്ഥാനം ഉണ്ടായേക്കും. കോണ്‍ഗ്രസ് എസിന് മന്ത്രി സ്ഥാനം നല്‍കില്ല. ജനാധിപത്യ കേരളാ കോണ്‍ഗ്രസിനും ഐഎന്‍എല്ലിനും രണ്ടര വര്‍ഷം വീതം നല്‍കി രണ്ടു പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് ആലോചന.
അതേസമയം 20 ന് വൈകിട്ട് 3.30ന് നടക്കുന്ന സത്യ പ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സാമൂഹ്യ അകലം ഉള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 800 പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പന്തലാണ് ഒരുക്കുന്നത് . മന്ത്രിമാര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖരെയും സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കും.