പത്തനംതിട്ട : ലക്ഷദ്വീപിന്റെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എൽ ഡി എഫിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജി.എസ്.ടി ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നഗരസഭാ ചെയർമാൻ അഡ്വക്കറ്റ് ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ലക്ഷദ്വീപിന്റെ സംസ്കാരത്തെയും ജനാധിപത്യ അവകാശങ്ങളെയും തകർത്ത് സംഘപരിവാർ അജണ്ട നടപ്പിലാക്കി ഒരു സമൂഹത്തെയാകെ ദുരിതത്തിലാഴ്ത്തുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്നത്. ദ്വീപിലെ പഞ്ചായത്ത് രാജ് സംവിധാനങ്ങളെ തകർത്ത് അധികാരം അഡ്മിനിസ്ട്രേറ്റരുടെ കൈയിലേക്ക് കേന്ദ്രീകരിക്കുന്നത് കോർപ്പറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനാണെന്നും സക്കീർ ഹുസൈൻ പറഞ്ഞു.
കേരളാ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം പി.കെ ജേക്കബ് അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം.ജെ.രവി, ജനതാദൾ ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, കോൺഗ്രസ് (എസ് ) സംസ്ഥാന കമ്മറ്റി അംഗം ബി ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.