ദില്ലി : പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാൻ വാളുകൾ കയ്യിൽ കരുതണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് സാധ്വി സരസ്വതി. ലക്ഷങ്ങൾ മുടക്കി ഫോണുകൾ വാങ്ങുന്നതിന് പകരം പശുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ വാളും ആയുധങ്ങളും വാങ്ങണമെന്ന് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ സാധ്വി സരസ്വതി ആഹ്വാനം ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ ഫോണുകൾ വാങ്ങാൻ കഴിയുമെങ്കിൽ തീർച്ചയായും പശുക്കളുടെ സംരക്ഷണത്തിനായി ആയുധങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിക്കാമെന്നും സാധ്വി പറഞ്ഞു.
ഗോഹത്യയിൽ നിന്ന് ഗോ മാതാവിനെ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. താൻ ജനിച്ചത് ഗോശാലയിൽ ആണെന്നും ഗോഹത്യ തടയേണ്ടത് തന്റെ കടമയാണെന്നും ഉഡുപ്പി ജില്ലയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ സാധ്വി പറഞ്ഞു. ഞാൻ ജനിച്ച ദിവസം മുതൽ എനിക്ക് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഒന്ന് രാമന് ക്ഷേത്രം പണിയുക, മറ്റൊന്ന് ഇന്ത്യയിൽ ഗോഹത്യ അവസാനിപ്പിക്കുക. ചില ദേശവിരുദ്ധര്‍ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനെ പുകഴ്ത്തുന്നു. അവര്‍ക്കെതിരെ നമ്മള്‍ പ്രതിഷേധിക്കണം. ഗോവധത്തിനും മതപരിവര്‍ത്തനത്തിനും ലവ് ജിഹാദിനുമെതിരെ സര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവരണം.- സാധ്വി ആവശ്യപ്പെട്ടു.