ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന് തെന്നിന്ത്യൻ താരം കമൽഹാസന്റെ മക്കൾ നീതി മയ്യം വിട്ട് പുറത്തുപോവുകയാണ് പാർട്ടിയിലെ പ്രധാന നേതാക്കൾ. പാർട്ടി രൂപപ്പെടുന്നതിൽ പ്രധാന പങ്ക് വഹിച്ച സി.കെ. കുമരവേൽ ആണ് ഏറ്റവുമൊടുവിൽ രാജിക്കത്ത് നൽകിയത്.
താരാരാധന വേണ്ട, നമ്മൾ ചരിത്രം സൃഷ്ടിക്കാൻ പോയവരാണ്, പക്ഷേ ചരിത്രം വായിക്കുന്നു. എനിക്ക് മതനിരപേക്ഷമായ ജനാധിപത്യരാഷ്ട്രീയത്തിലാണ് വിശ്വാസം – കുമാരവേൽ പറഞ്ഞു. 2021 തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റൊന്നും നേടാനായില്ല.
ഇതിന് മുമ്പ് കമലിനെതിരെ വിമർശനം ഉന്നയിച്ച് പാർട്ടി വിട്ട നേതാവാണ് ഡോ. മഹേന്ദ്രൻ. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന് പാർട്ടിയിൽനിന്ന് ഏറ്റവുമാദ്യം പുറത്തുവന്ന ഡോ. മഹേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് കമൽ നടത്തിയത്. പാർട്ടിയുടെ ഒറ്റുകാരുടെ പട്ടികയിൽ മഹേന്ദ്രന്റെ പേര് ആദ്യമുണ്ടാകുമെന്നാണ് കമൽ അന്ന് പറഞ്ഞത്.
മഹേന്ദ്രനും കുമരവേലിനും പുറമെ ജനറൽ സെക്രട്ടറി സന്തോഷ് ബാബു, പരിസ്ഥിതി പ്രവർത്തക പദ്‌മപ്രിയ എന്നിവർ വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിക്കത്ത് കൊടുത്തിരുന്നു. പാർട്ടിയിൽ സത്യസന്ധതയും ജനാധിപത്യവുമില്ലെന്ന് ട്വിറ്ററിൽ വിശദീകരിച്ച ശേഷമാണ് പാർട്ടി ജനറൽ സെക്രട്ടറി മുരുഗാനന്ദം പാർട്ടി ഉപേക്ഷിച്ചത്. 2018ൽ രൂപം കൊണ്ട പാർട്ടിയുടെ ആറ് ഉന്നത നേതാക്കളാണ് ഇതിനകം പുറത്തുവന്നത്. ഇതോടെ കമലിന്റെ പാർട്ടിയുടെ ഭാവിയെന്ത് എന്ന ആശങ്കയിലാണ് ആരാധകർ. കൂട്ടരാജിക്കെതിരെ കമൽ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.