തിരുവനന്തപുരം: കോൺഗ്രസിലെ നേതൃമാറ്റത്തിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും. സംഘടനാതലത്തിൽ ആവശ്യംവേണ്ട മാറ്റം വരുത്താൻ ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടി. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കേ ഒരു മാസത്തിനുള്ളിൽ തുടർമാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. പുതിയ നേതൃത്വം ആദ്യം ഏറ്റെടുക്കുന്ന വെല്ലുവിളിയാകും പുനഃസംഘടന. കെപിസിസി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ തുടരുന്നവരെ പൂർണമായും മാറ്റണോ, കുറച്ചുപേരെ നിലനിർത്തണോ എന്നതിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭാരവാഹികളുടെ എണ്ണത്തിൽ വർധനയുണ്ടാകാം. 32 ജനറൽ സെക്രട്ടറി, നാല് വൈസ് പ്രസിഡന്റ് എന്നിങ്ങനെയാണ് നിലവിൽ.
ഒൻപത് ഡിസിസികളിൽ പ്രസിഡന്റുമാർക്ക് മാറ്റമുണ്ടാകാനാണ് സാധ്യത. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ പ്രസിഡന്റുമാർ തുടരും. കണ്ണൂരും തൃശ്ശൂരും നിയമനംനടന്നിട്ട് അധികമായില്ല. മറ്റു മൂന്നു ജില്ലാ അധ്യക്ഷന്മാരുടെ പ്രവർത്തനത്തിൽ എഐസിസിക്കും മതിപ്പുണ്ട്. മാറ്റംസംബന്ധിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും കൂടി ആലോചിച്ച് ചുരുക്കപ്പട്ടികയുണ്ടാക്കി ഹൈക്കമാൻഡിന് നൽകും. അതിനുമുൻപ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടും. നിലവിലുള്ള ഐക്യത്തിന്റെ അന്തരീക്ഷം നിലനിർത്തിയേ നിയമനം നടക്കൂ. ഒറ്റക്കെട്ടായി നീങ്ങിയാൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടാമെന്ന ഹൈക്കമാൻഡ് അഭിപ്രായത്തിന്റെ അന്തഃസത്തയ്ക്ക് ഭംഗം വരുത്താതെ പോകണമെന്നാണ് പൊതുനിലപാട്.
പാക്കേജായി നടപ്പാക്കിയ നേതൃമാറ്റത്തോട് പൊതുവേ നല്ല അഭിപ്രായമാണ് പാർട്ടിയിൽ ഉയർന്നതെങ്കിലും എംപിമാരിൽ പലരും സ്ഥാനമേൽക്കൽ ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു.വരുന്ന പുനഃസംഘടനയിൽ എംപിമാർ കൂടുതൽ സമ്മർദം ചെലുത്തിയേക്കാം. ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നില്ല പുനഃസംഘടനയെന്നതിനാൽ പരമ്പരാഗത ഗ്രൂപ്പുകൾക്ക് അതടിസ്ഥാനമാക്കിയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് പ്രസക്തിയില്ലാതായി. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തമ്മിൽ ഇടക്കാലത്തുണ്ടായിരുന്ന അകൽച്ചയും ഏതാണ്ട് പരിഹരിച്ചിട്ടുണ്ട്. യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുന്നറിയിപ്പില്ലാതെ മാറ്റിയ എം.എം. ഹസന് ഉചിതമായ സ്ഥാനംനൽകുന്ന കാര്യത്തിലും വൈകാതെ തീരുമാനം വന്നേക്കും.