വെണ്ണിക്കുളം : മല്ലപ്പള്ളി–പുല്ലാട് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച തുടർക്കഥയാകുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിനും കേടുപാടുകൾ സംഭവിക്കുന്നു.
7 കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച പുതിയ പൈപ്പുകളിലാണു തുടർച്ചയായി ചോർച്ചയുണ്ടാകുന്നത്. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിലാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. ചോർച്ചയുണ്ടാകുന്നിടത്തെ ടാറിങ്ങിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കീഴ്‌വായ്പൂര് നെയ്തേലിപ്പടിക്കു സമീപത്ത് റോഡിൽ കുഴികൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിൽ ഇതിനോടകം ഒട്ടേറെ സ്ഥലങ്ങളിൽ പൈപ്പിൽ ചോർച്ചയുണ്ടായിട്ടുണ്ട്. വെണ്ണിക്കുളം പള്ളിപ്പടിക്കും കോതകുളത്തിനും ഇടയിൽ 30ൽ ഏറെ സ്ഥലങ്ങളിൽ കേടുപാടുകളുണ്ടായിട്ടുണ്ട്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് 14 കോടിയിലേറെ രൂപ വിനിയോഗിച്ചാണു സഞ്ചാരയോഗ്യമാക്കിയത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്ന റോഡ് കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലെത്തിയിരുന്ന പൈപ്പുകൾ പൊട്ടിയുള്ള തകർച്ച ഒഴിവാക്കുന്നതിനാണു പുതിയതു സ്ഥാപിച്ചത്. പുതിയ പൈപ്പിലെ അടിക്കടിയുള്ള ചോർച്ച ടാറിങ്ങിന്റെ നിലനിൽപിനും ഭീഷണിയായിരിക്കുകയാണ്.