ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിയ്ക്കു നൽകിയ നിവേദനത്തെ തുടർന്ന് ശബരിമല തീർത്ഥാടകർക്കായി ഇടത്താവളമൊരുങ്ങുന്നു. ചെങ്ങന്നൂരിലെത്തുന്ന തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി മന്ത്രി സജി ചെറിയാൻ നൽകിയ നിവേദനത്തെ തുടർന്നാണ് 2019 ൽ മുഖ്യമന്ത്രിയുടെ മുൻഗണന പദ്ധതി പ്രകാരം ശബരിമല ഇടത്താവളങ്ങളിൽ ചെങ്ങന്നൂരിന് പ്രധാന പരിഗണനയ്ക്ക് വഴിയൊരുങ്ങിയത്. ആദ്യ ഘട്ടമായി ചെങ്ങന്നൂർ, കഴക്കൂട്ടം, എരുമേലി, നിലയ്ക്കൽ അടക്കം ഏഴു കേന്ദ്രങ്ങളിലായി ഇടത്താവളങ്ങൾക്ക് കിഫ്ബി വഴി 118.94 കോടി രൂപ അനുവദിച്ചു. ചെങ്ങന്നൂര്‍ മഹാദേവർ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിലെ ദേവസ്വം ബോർഡ് വക ഭൂമിയിൽ 45 സെന്റ് സ്ഥലത്ത് 10.48 കോടി രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ഏപ്രിൽ 11 വൈകിട്ട് അഞ്ചിന് കിഴക്കേ നട നവരാത്രി മണ്ഡപ സ്റ്റേജിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർമ്മാണത്തിന് തറക്കല്ലിടും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.
മൂന്നു നിലകളിൽ 40,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ താഴെ 25 കാറുകൾ ഒരേ സമയം പാർക്കു ചെയ്യുവാൻ കഴിയും. ഒന്നാം നിലയിൽ വിരി വയ്ക്കുന്നതിനുള്ള ഡോർമിറ്ററി സംവിധാനത്തിൽ 200 പുരുഷന്മാർക്കും 100 സ്ത്രീകൾക്കും താമസിക്കാം. രണ്ടാം നിലയിലെ അന്നദാന മണ്ഡപത്തിൽ 350 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുൻ സൗകര്യമൊരുക്കും. പാചക ശാലയും ഇവിടെ പ്രവർത്തിക്കും. മൂന്നു ലിഫ്റ്റുകളും മതിയായ ശുചി മുറികളും ഉണ്ടാകും. ഭിന്നശേഷി സൗഹൃദമായ നിർമ്മാണമാണ് ഉണ്ടാകുക. പൊതുമേഖല സ്ഥാപനമായ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് ദേവസ്വം ബോർഡ് ചീഫ് എഞ്ചിനീയർ ആർ.അജിത്ത് കുമാർ പറഞ്ഞു.