പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ ഇടതുമുന്നണി ശ്രമിക്കുന്നുവെന്ന യു.ഡി.എഫ് ആരോപണം ശരിവെയ്ക്കുന്നതാണ് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരെ സസ്പെന്‍റ് ചെയ്ത നടപടിയെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രഹസ്യ സ്വഭാവമുള്ള രേഖകള്‍ സി.പി.എമ്മിന് ചോര്‍ത്തി നല്‍കിയത് ഗുരുതരമായ അട്ടിമറിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് കോന്നി എം.എല്‍.എ യുടെ നേതൃത്വത്തില്‍ പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലില്‍ രഹസ്യയോഗം ചേരുകയും കള്ളവോട്ടിന് ഗൂഢാലോചന നടത്തുകയും ചെയ്ത വിവരം പരാതിയായി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളും കോന്നി എം.എല്‍.എ യുടെ നേതൃത്വത്തിലാണ്. ആയതിനാല്‍ കോന്നി എം.എല്‍.എ ക്കെതിരെ അന്വേഷണം നടത്തി അടിയന്തരമായി ക്രിമിനല്‍ നടപടി സ്വീകരിക്കണം.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളവരും ഒരുകാരണവശാലും വോട്ട് ചെയ്യാന്‍ സാധ്യതയില്ലാത്തവരുമായ സ്ഥലത്തില്ലാത്തവര്‍, വിദേശത്തുള്ളവര്‍ക്ക, ഗുരുതര രോഗം ബാധിച്ച കിടപ്പ് രോഗികള്‍ എന്നിവരുടെ പേര് വിവരം ബി.എല്‍.ഒ മാര്‍ പോളിംഗ് ഓഫീസര്‍മാര്‍ക്ക് പ്രത്യേകം നല്‍കണമെന്നും ഇവരുടെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും അതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി എം.പി യുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്‍റ് കൂടിയായ ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
പോളിംഗ് ഓഫീസര്‍മാര്‍ അടക്കമുള്ള ബൂത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രഹസ്യ സ്വഭാവമുള്ള ലിസ്റ്റ് ചോര്‍ത്തി നല്‍കിയ ഇടതുപക്ഷ അനുഭാവികളായ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആന്‍റോ ആന്‍റണിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണമല, ഡി.സി.സി നേതാക്കളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, റോജിപോള്‍ ദാനിയേല്‍, എസ്.വി പ്രസന്നകുമാര്‍, മണ്ഡലം പ്രസിഡന്‍റ് റെനീസ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.