പത്തനംതിട്ട : കോടഞ്ചരി സെൻ്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീന ടീച്ചറിൻ്റെ മരണത്തിന് ഉത്തരവാദിയായ താമരശ്ശേരി രൂപത കോർപറേറ്റ് മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് എൻ.ടി.യു പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വൻ തുക കോഴ വാങ്ങി ആറ് വർഷം മുൻപ് വിദ്യാലയത്തിൽ അധ്യാപികയായി നിയമനം നൽകി ജോലി ചെയ്ത് വന്നിരുന്ന അലീന ടീച്ചറിനോട് താൻ ജോലി ചെയ്തു വന്ന കഴിഞ്ഞ അഞ്ചു വർഷത്തെ വേതനം ആവശ്യപ്പെടില്ല എന്ന് നിർബന്ധപൂർവ്വം എഴുതി വാങ്ങിയ വിദ്യാലയ മാനേജരുടെ നടപടി അതൃന്തം ക്രൂരവും നിന്ദ്യവുമാണ്.
അധ്യാപക നിയമന ഉത്തരവ് നൽകുമ്പോൾ നിശ്ചിത ശമ്പള സ്കെയിലിൽ ആണ് നിയമിക്കുന്നത് എന്നിരിക്കെ സർക്കാരിൽ നിന്ന് ഏതെങ്കിലും കാരണത്താൽ നിയമന അംഗീകാരവും ശമ്പളവും ലഭിക്കാഞ്ഞാൽ ആ തുക നൽകാൻ വിദ്യാലയ മാനേജർ ബാധ്യസ്ഥനാണ് എന്നതാണ് നിലവിലുള്ള നിയമം എന്നിരിക്കെ ചെയ്ത ജോലിയ്ക്ക് വേതനം നിഷേധിച്ച വിദ്യാലയ മാനേജരുടെ നടപടിയാണ് ടീച്ചറിൻ്റെ ആത്മഹത്യയ്ക്ക് കാരണമായത്. വിദ്യാലയ മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും വിദ്യാലയ മാനേജരെ അയോഗ്യനാക്കാനുമുള്ള നടപടികളുമായി എൻ.ടി.യു മുന്നോട്ട് പോകുമെന്നും ജില്ലാ അധ്യക്ഷൻ മനോജ് ബി നായർ അറിയിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി വിഭു നാരായൺ, സംസ്ഥാന സമിതി അംഗങ്ങൾ ആയ മനോജ് ബി, ഗിരിജ ദേവി എസ്, സനൽ കുമാർ ജി, സി എൽ ജയകുമാരി, ജില്ലാ ഭാരവാഹികൾ ആയ രതീഷ് ആർ നായർ, എ കെ സജീവ്, അജി ആർ നായർ, ഡോ. ഹരിലാൽ, ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.