തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ സ്വപ്നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്.
കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. ഇതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുമ്പോട്ട് പോകാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യാജ മൊഴിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായി എന്ന മൊഴികളാണ് ഈ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിരുന്നത്. ഇത് വളരെ ഗുരുതരമായ കുറ്റമാണെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഗൂഡാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്ന ഉള്‍പ്പടെയുള്ള 18 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ സ്വപ്ന ആദ്യം ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പുറത്ത് വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സ്വപ്ന സമ്മതിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഈ കേസിന്റെ ഭാഗമായി സ്വപ്നയുടെ മൊഴിയെടുത്ത ഘട്ടത്തില്‍ അവര്‍ പറഞ്ഞത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ഓഫീസില്‍ വെച്ച് തനിക്ക് ഒരു ഉദ്യോഗസ്ഥ ഫോണ്‍ കൊണ്ടുവന്ന് നല്‍കി തന്റെ ബുദ്ധിമുട്ടുകള്‍ പറയാന്‍ ആവശ്യപ്പെട്ടു എന്നാണ്. മറുതലക്ക് ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു. താന്‍ കാര്യങ്ങള്‍ സംസാരിച്ചു. ഫോണ്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥയെക്കുറിച്ച് തനിക്ക് ഓര്‍മ്മയില്ല എന്ന വിവരവും സ്വപ്ന നല്‍കിയിരുന്നു. എന്നാല്‍ ആദ്യഘത്തില്‍ സ്വപ്ന നല്‍കിയ മൊഴിയാണ് ഏറ്റവും പ്രധാനമെന്നും അതാണ് വിശ്വസിക്കേണ്ടത് എന്ന നിലപാടാണ് നിയമോപദേശത്തില്‍ ഉള്ളത്.