ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിൽ ആമസോൺ ഇന്ത്യ നിയമ കാര്യങ്ങൾക്കായി ചെലവാക്കിയത് 8,546 കോടി രൂപ. ആമസോൺ ഇന്ത്യയുടെ നിയമകാര്യ വിഭാഗത്തിന്റെ പ്രതിനിധികൾ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്ന ആരോപണത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തെ ഇ കൊമേഴ്സ് രംഗത്ത് പ്രവർത്തനം ഉറപ്പിക്കാൻ വേണ്ടി നിയമകാര്യ പ്രതിനിധികൾ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ബാലപ്പെടുത്തുന്നതാണ് കോടതി കാര്യങ്ങൾക്കായി ചെലവാക്കിയ പണത്തിന്റെ കണക്ക്.
2018 മുതൽ 2020 വരെയാണ് ഇത്രയും തുക ചെലവാക്കിയത്. 2018-19 കാലത്ത് 3420 കോടിയും തൊട്ടടുത്ത വർഷം 5126 കോടി രൂപയുമാണ് ചെലവ്. ആമസോൺ ഇന്ത്യ ലിമിറ്റഡ്, ആമസോൺ റീടെയിൽ പ്രൈവറ്റ് ലിമിറ്റഡ്, ആമസോൺ സെല്ലർ സർവീസസ്, ആമസോൺ ട്രാൻസ്‌പോർടേഷൻ സർവീസസ്, ആമസോൺ ഹോൾസെയിൽ പ്രൈവറ്റ് ലിമിറ്റഡ്, ആമസോൺ ഇന്റർനെറ്റ് സർവീസസ് എന്നീ ആറ് കമ്പനികളുടെയും ആകെ നിയമകാര്യ ചെലവാണിത്.
ഈ വിഷയത്തിൽ ആമസോൺ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം ആമസോൺ കോഴ നൽകിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വ്യാപാരി സംഘടനയായ സിഎഐടി വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.